ADVERTISEMENT

ചെറുതോണി∙ പിറന്ന മണ്ണിൽ ജീവിക്കാനും മണ്ണിന്റെ അവകാശം സംരക്ഷിക്കാനുമായി വാത്തിക്കുടി പഞ്ചായത്തിൽ 25ന് യുഡിഎഫ് ഹർത്താൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. സംസ്ഥാനത്തെ ഭൂരേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാത്തിക്കുടി പഞ്ചായത്തിൽ നടക്കുന്ന സർവേ പൂർത്തിയാകുന്നതോടെ ഒട്ടേറെ കർഷകർ കുടിയിറക്ക് ഭീഷണി നേരിടുമെന്ന് നേതാക്കൾ പറഞ്ഞു. സർവേയിൽ പട്ടയമില്ലാത്ത ഭൂമിയുടെ അളവോ കൈവശക്കാരന്റെ പേരോ രേഖപ്പെടുത്താതെ സർക്കാർ ഭൂമിയെന്നാണു രേഖപ്പെടുത്തുന്നത്.

ഇതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ കലക്ടറും സർവേ ഡയറക്ടറും പ്രശ്നത്തിൽ ഇടപെടുകയും അവരുടെ നിർദേശാനുസരണം ഭൂവുടമയുടെ പേര് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം കലക്ടറേറ്റിൽ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് പട്ടയമില്ലാത്ത വസ്തുവിന്റെ അളവും ഉടമയുടെ പേരു      വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഈ ഉറപ്പുകളാണ് ഇപ്പോൾ പാഴായിരിക്കുന്നത്. പ്രതിഷേധ സമരങ്ങളിലൂടെ സർക്കാരിന്റെ കണ്ണ് തുറന്നില്ലെങ്കിൽ കർഷകരെ സംഘടിപ്പിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നും നേതാക്കളായ എ.പി.ഉസ്മാൻ, എബി തോമസ്, വിനോദ് ജോസഫ് എന്നിവർ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com