ടൈഫോയ്ഡ്: മൂന്നാർ എംആർഎസ് സ്കൂൾ അടച്ചു
Mail This Article
മൂന്നാർ ∙ ടൈഫോയ്ഡ് പടർന്നതിനെ തുടർന്ന് കലക്ടറുടെ ഉത്തരവിൽ എംആർഎസ് സ്കൂൾ അടച്ചു. നാലു ദിവസത്തിനുള്ളിൽ 20 കുട്ടികൾക്കാണ് രോഗം പടർന്നത്. കഴിഞ്ഞ ശനിയാഴ്ച ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് സ്കൂൾ ഹോസ്റ്റലിലെ 14 കുട്ടികൾക്ക് രോഗം കണ്ടെത്തിയത്. ഇവരിൽ 6 പേർ വീടുകളിലേക്ക് മടങ്ങിയിരുന്നു. 8 പേരെ ഹോസ്റ്റലിൽ പ്രത്യേക സംരക്ഷണയിലേക്ക് മാറ്റിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ 6 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് സ്കൂൾ അടച്ചത്.
കലക്ടറുടെ നിർദേശപ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച സ്കൂളിലെ മുഴുവൻ കുട്ടികൾ, ജീവനക്കാർ, അധ്യാപകർ എന്നിവരിൽ രോഗപരിശോധന നടത്തി. പരിശോധനാ ഫലം വന്ന ശേഷം സ്ഥിതിഗതികൾ വിലയിരുത്തി മാത്രമേ സ്കൂൾ തുറക്കുകയുള്ളൂവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. വിവിധ മേഖലകളിൽ നിന്നുള്ള 260 കുട്ടികളാണ് എംആർഎസ് സ്കൂളിൽ പഠിക്കുന്നത്. സ്കൂൾ ഹോസ്റ്റലിലാണ് ഇവർ കഴിയുന്നത്. ദേവികുളം സാമൂഹികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ സ്കൂൾ ഹോസ്റ്റലിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗം ബാധിച്ച കുട്ടികൾക്ക് പ്രത്യേക പരിപാലനവും മരുന്നുകളും നൽകുന്നുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.