പാറക്കെണി; ചെപ്പുകുളം റോഡിലേക്ക് വലിയ പാറ വീണു, വൻ അപകടം ഒഴിവായി
Mail This Article
ചെപ്പുകുളം∙ തട്ടക്കുഴ - ചെപ്പുകുളം റോഡിലേക്ക് വലിയ പാറ വീണു. ഇന്നലെ പകൽ പതിനൊന്നരയോടെയാണ് റോഡിനു മുകളിലുള്ള കുന്നിൽനിന്ന് കൂറ്റൻ പാറ റോഡിലേക്കു പതിച്ചത്. ഇതോടെ മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ബസുകളും മറ്റ് നൂറു കണക്കിനു വാഹനങ്ങളും ഓടുന്ന റോഡിലേക്ക് വലിയ പാറയും കല്ലുകളും വീണെങ്കിലും ഈ സമയം വാഹനങ്ങളും യാത്രക്കാരും മറ്റും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വൈകിട്ടോടെ പാറ പൊട്ടിച്ചു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ചെപ്പുക്കുളം ചക്കീരാമാണ്ടി വ്യൂ പോയിന്റിനു സമീപം റോഡിലേക്ക് വീണ പാറ ഏറെക്കാലമായി വിണ്ടുകീറി നിൽക്കുന്ന അവസ്ഥയിലായിരുന്നു. ഇതിന്റെ ഒരു ഭാഗമാണ് ഇന്നലെ റോഡിലേക്കു പതിച്ചത്. അവശേഷിക്കുന്ന ഭാഗവും അപകടാവസ്ഥയിലാണ്. എപ്പോൾ വേണമെങ്കിലും അടർന്നു വീഴാവുന്ന അവസ്ഥയിലുള്ള പാറ പൊട്ടിച്ചു നീക്കാൻ നടപടി വേണമെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് അറിയിച്ചതിനെ തുടർന്ന് പൊതുമരാമത്ത് അധികൃതരും അഗ്നിരക്ഷാസേനയും അപകട സ്ഥലത്ത് എത്തിയാണ് തുടർ നടപടികൾ സ്വീകരിച്ചത്. പൊതുമരാമത്ത് അധികൃതരുടെ നേതൃത്വത്തിലാണ് കല്ല് പൊട്ടിച്ചുമാറ്റിയത്.