ADVERTISEMENT

അഞ്ചു കൊല്ലം മുൻപ് ഓഗസ്റ്റ് 18നു പ്രളയഭീതിയിലായിരുന്നു ഇടുക്കി ജില്ല; ഇന്ന് വരൾച്ച ഭീതിയിലും. കാലാവസ്ഥാമാറ്റം ഭീകരമായി മലയോരത്തെ ബാധിക്കുകയാണ്. മലയോരത്ത് സംഭവിക്കുന്നതെല്ലാം അങ്ങേയറ്റമാണ്. ജില്ലയിൽ ഇപ്പോഴത്തെ സ്ഥിതിയിൽ വേനൽ തുടർന്നാൽ വലിയ പ്രത്യാഘാതമുണ്ടാകും. മാറുന്ന കാലാവസ്ഥ ജനജീവിതത്തെ സാരമായി ബാധിക്കും. ശുദ്ധജലക്ഷാമം, കാർഷികമേഖലയുടെ ത‍കർച്ച, ആരോഗ്യപ്രശ്നങ്ങൾ എന്നിവയെല്ലാം  മുന്നിലുണ്ട്. ജില്ലയിലെ വിവിധ മേഖലയിലെ വേനൽ പ്രശ്നങ്ങൾ പരിശോധിക്കുന്നു.....

തേക്കടി തടാകം വറ്റുമോ 

കുമളി, ചക്കുപള്ളം പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുകയാണ്. കിണറുകളിൽ വെള്ളം താഴ്ന്ന നിലയിലാണ്. തുലാവർഷം കൂടി ദുർബലമായാൽ ശുദ്ധജലത്തിനായി ജനങ്ങൾ ബുദ്ധിമുട്ടും. തേക്കടി തടാകത്തിൽ നിന്നാണ് ഈ പഞ്ചായത്തുകളിലേക്ക് ജലഅതോറിറ്റി വെള്ളം വിതരണം ചെയ്യുന്നത്. തടാകത്തിൽ ഇപ്പോൾ 120 അടി വെള്ളമാണുള്ളത്. തടാകത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിൽ സ്ഥാപിച്ചിരിക്കുന്ന മോട്ടർ ഉപയോഗിച്ചാണ് പമ്പിങ്. ജലനിരപ്പ് 110 അടിയായി താഴ്ന്നാൽ പമ്പിങ് ബുദ്ധിമുട്ടാകും. വെള്ളത്തിനായി വാട്ടർ അതോറിറ്റിയുടെ പൈപ്പുകളെ ആശ്രയിക്കുന്നവരെ ഇതു ബാധിക്കും.

ചോലകൾ വറ്റിയാൽ തൊഴിലാളികൾ വലയും 

വേനൽ കടുത്തതോടെ ഏറ്റവുമധികം ശുദ്ധജലക്ഷാമം രൂക്ഷമായിരിക്കുന്നത് മൂന്നാർ മേഖലയിലാണ്. വിവിധ കോളനികൾ ടൗൺ, ഇക്കാ നഗർ, പഴയ മൂന്നാർ, നല്ലതണ്ണി റോഡ് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ ജലവിതരണ വകുപ്പ് പൈപ്പുകൾ വഴി ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ ജനവാസ മേഖലകളിൽ എസ്റ്റേറ്റുകളിലെ ചോലകളിൽ നിന്നു പൈപ്പുകളിട്ടാണ് സ്വകാര്യ വ്യക്തികൾ ജലമെത്തിച്ചു കൊടുക്കുന്നത്. 400 മുതൽ 1000 രൂപ വരെയാണ് ഓരോ കുടുംബവും മാസം തോറും വെള്ളമെത്തിക്കുന്നതിന് നൽകുന്നത്. എന്നാൽ വേനൽ കടുത്തതോടെ എസ്റ്റേറ്റുകളിലെ ചോലകൾ വറ്റിവരളാൻ തുടങ്ങിയതോടെ കോളനികളിൽ താമസിക്കുന്നവർക്ക് നിലവിൽ വെള്ളം വല്ലപ്പോഴും മാത്രമാണ് ലഭിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ മഴ പെയ്യാതിരുന്നാൽ വരും ദിവസങ്ങളിൽ കോളനികളിൽ താമസിക്കുന്നവർക്കും ഹോംസ്റ്റേകൾ നടത്തുന്നവർക്കും കിലോമീറ്ററുകൾ ദൂരത്തു നിന്നും വെള്ളമെത്തിക്കേണ്ട അവസ്ഥയുണ്ടാകും.

ഏലത്തിന് വെള്ളം വേണം 

കാലവർഷത്തിൽ മഴ കുറഞ്ഞതോടെ സേനാപതി, ശാന്തൻപാറ, ഉടുമ്പൻചോല, രാജകുമാരി, രാജാക്കാട്, ബൈസൺവാലി പഞ്ചായത്തുകളിൽ ഏലം കൃഷി പ്രതിസന്ധിയിലായി. ഇൗ പഞ്ചായത്തുകളിൽ പല ഭാഗത്തും ശുദ്ധജലക്ഷാമം രൂക്ഷമാണ്. ആനയിറങ്കൽ അണക്കെട്ടിൽ ജലനിരപ്പ് ഉയരാത്തത് മൂലം രാജകുമാരി ശുദ്ധജല പദ്ധതി എത്ര നാൾ മുന്നോട്ടു കാെണ്ടു പോകാൻ കഴിയുമെന്ന് അധികൃതർക്ക് വ്യക്തതയില്ല. ശാന്തൻപാറ പഞ്ചായത്തിൽ ചില കുഴൽ കിണറുകളിൽ വെള്ളം വറ്റിയത് ആശങ്ക വർധിപ്പിക്കുന്നു.

റബർ വിളയുമോ? വലയുമോ? 

കാലാവസ്ഥ വ്യതിയാനം റബർ കർഷകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണുള്ളത്. അപ്രതീക്ഷിതമായുണ്ടായ കടുത്ത ചൂട് നീണ്ടു നിന്നാൽ ഉൽപാദനത്തിൽ വലിയ കുറവുണ്ടാകും. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് ഉൽപാദനം കൂടുതൽ ലഭിക്കുന്നത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിൽ ഉൽപാദനം കുറയുമെന്നാണ് കർഷകർ പറയുന്നത്. എന്നാൽ ഉൽപാദനം കുറഞ്ഞാലും മഴക്കാലത്തുണ്ടാകുന്ന പട്ട മരപ്പ് ഉൾപ്പെടെയുള്ള കേടുപാടുകൾ ഉണ്ടാകില്ല എന്നത് ആശ്വസമാണെന്ന അഭിപ്രായക്കാരുമുണ്ട്. ഇതോടൊപ്പം പാലിന് കൊഴുപ്പ് കൂടും. മഴയുടെ ശല്യമില്ലാതെ ഡിസംബർ വരെ ടാപ്പിങ് നടത്താൻ കഴിയും എന്നാണ് ഇവരുടെ അഭിപ്രായം.

മലയ്ക്കും കരയ്ക്കും ആശ്രയം മലങ്കര 

ജലദൗർലഭ്യം കാരണം മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം കുറച്ചാൽ 7 പഞ്ചായത്തുകളിലെ ശുദ്ധജലവിതരണം ഭാഗികമായി നിലയ്ക്കും. മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം കഴിഞ്ഞ് പുറംതള്ളുന്ന വെള്ളമാണ് മലങ്കര ജലാശയത്തിലെ പ്രധാന ആശ്രയം. ജലാശയത്തിനു സമീപത്തുള്ള 7 പഞ്ചായത്തുകളിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലും ശുദ്ധജലം ലഭിക്കുന്നത് മലങ്കര ജലാശയത്തിലെ വെള്ളമാണ്.

നൂറിലേറെ  ചെറുതും വലുതുമായി ശുദ്ധജലവിതരണ പദ്ധതികളാണ് ജലാശയത്തെ ആശ്രയിച്ച് നടത്തുന്നത്. അറക്കുളം, കുടയത്തൂർ, വെള്ളിയാമറ്റം, ഇടവെട്ടി, ആലക്കോട്, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിൽ ശുദ്ധജലം എത്തുന്നത് മലങ്കര ജലാശയത്തിൽ നിന്നാണ്. എന്നാൽ മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം കുറച്ചാൽ ഒട്ടേറെ കുടുംബങ്ങളുടെ ശുദ്ധജലവിതരണം മുടങ്ങും.

പെരിയാർ നൽകുന്ന പെരിയ സൂചന 

പ്രകൃതിയെയും മനുഷ്യനെയും കുളിരണിയിച്ചു ഹൈറേഞ്ചിന്റെ ഒത്ത നടുവിലൂടെ നിറഞ്ഞൊഴുകി കൊണ്ടിരുന്ന പെരിയാറും കൈവഴികളും ചിങ്ങം പിറക്കുന്നതിനു മുൻപേ പലയിടത്തും വറ്റി. വർഷത്തിൽ ഏതാണ്ട് പത്തു മാസവും പെരിയാറിൽ നിന്നും പുഴകളിൽ നിന്നുമുള്ള തെളിനീരിനെയാണു നാട്ടുകാർ കുടിക്കാനും കുളിക്കാനും നനയ്ക്കാനുമെല്ലാം ഉപയോഗിച്ചിരുന്നത്. നദികളുടെ ഇരുകരകളിലുമുള്ള കുളങ്ങളും കിണറുകളുമായിരുന്നു നാടിന്റെ ജലസ്രോതസ്സ്. 

പെരിയാറിൽ മഴക്കാലത്തു തന്നെ വറ്റിയതു ദുഃസൂചനയാണു നൽകുന്നതെന്ന് തലമുതിർന്ന കർഷകർ പറയുന്നു. ഈ സാഹചര്യത്തിൽ ശുദ്ധജലത്തിനു മറ്റു മാർഗങ്ങൾ തേടേണ്ടി വരും. കുടിക്കാൻ പോലും വെള്ളമില്ലാതെ വരുമ്പോൾ കൃഷി എങ്ങനെ നനയ്ക്കുമെന്ന ചോദ്യത്തിനും ഇപ്പോൾ ഉത്തരമില്ല.

ടൂറിസത്തിനും തിരിച്ചടി 

ഹൈറേഞ്ചിലെ മൺസൂൺ ടൂറിസത്തിനും മഴക്കുറവ് കനത്ത തിരിച്ചടിയാണ്. ഗ്രാമീണ മേഖലകളിൽ അങ്ങോളമിങ്ങോളമുള്ള ചെറുകിട വെള്ളച്ചാട്ടങ്ങളും കുത്തുകളുമെല്ലാം വറ്റിവരണ്ടു. ഓണക്കാലത്ത് ഇത്തരം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ് ഉണ്ടായിരുന്നത്. 

ജില്ലയിലെ അതിരപ്പിള്ളി എന്ന് അറിയപ്പെടുന്ന പുന്നയാർ കുത്ത് വെള്ളച്ചാട്ടത്തിൽ സീസണിനു മുൻപേ തന്നെ ഒഴുക്ക് നാമമാത്രമായതിൽ സഞ്ചാരികൾ നിരാശരാണ്. കാർഷിക മേഖല തകർച്ചയെ നേരിട്ടതോടെ ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ചെറുകിട സംരംഭങ്ങൾ ആരംഭിച്ച ഗ്രാമീണരും നിരാശയിലാണ്.

ആശങ്കയായി  മഴക്കുറവ് 

തൊടുപുഴ ∙ ജില്ലയിൽ ഇത്തവണ ആശങ്കപ്പെടുത്തുന്ന മഴക്കുറവ്. ജൂൺ 1 മുതൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ജില്ലയിലെ മഴക്കുറവ് 61 ശതമാനമാണ്. ലഭിക്കേണ്ട മഴ 1982.1 മില്ലി മീറ്റർ. ലഭിച്ചത് വെറും 775.4 മില്ലിമീറ്റർ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഏറ്റവുമധികം മഴക്കുറവ് ഇടുക്കിയിലാണ്. മഴക്കുറവ് നികത്തുന്ന രീതിയിലുള്ള ശക്തമായ മഴ ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. അങ്ങനെയെങ്കിൽ, വരും മാസങ്ങളിൽ ജില്ലയിൽ വരൾച്ച രൂക്ഷമാകും. 

ഇതു വൈദ്യുതി ഉൽപാദനം, ജലസേചനം, കൃഷി എന്നിവയെ എല്ലാം പ്രതികൂലമായി ബാധിക്കും. തെക്കുപടിഞ്ഞാറൻ കാലവർഷത്തിനുശേഷം തുലാവർഷക്കാലത്താണ് കേരളത്തിൽ സാമാന്യം നല്ല മഴ ലഭിക്കുന്നത്. തുലാവർഷം സാധാരണ നിലയിൽ ലഭിച്ചാലും ആകെ മഴക്കുറവിൽ വലിയ മാറ്റമുണ്ടാകില്ല. മഴ മാറി നിൽക്കുന്നതോടെ പല മേഖലകളിലും കർഷകർ ദുരിതത്തിലാണ്. നല്ല തോതിൽ മഴ ലഭിക്കേണ്ട ഓഗസ്റ്റ് മാസത്തിൽ തന്നെ കൃഷി നനയ്ക്കാൻ പമ്പും മറ്റും അന്വേഷിച്ച് നടക്കേണ്ട ഗതികേടിലാണ് കർഷകർ. മഴക്കുറവ് കൃഷിച്ചെലവ് ഉയരാൻ കാരണമാകും. ഓണം ലക്ഷ്യമിട്ടുള്ള പച്ചക്കറി കൃഷിയെയും മഴയുടെ അഭാവം സാരമായി ബാധിച്ചതായി കർഷകർ പറയുന്നു. ഇതുമൂലം വിപണിയിലെത്തുന്ന പ്രാദേശിക പച്ചക്കറികളുടെ അളവ് കുറയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com