മറയൂരിൽ ശർക്കര നിർമാണ ശാലയ്ക്ക് തീപിടിച്ചു
Mail This Article
മറയൂർ ∙ ശർക്കര നിർമാണശാലയ്ക്കു തീപിടിച്ചതിൽ കനത്ത നാശനഷ്ടം. ഇന്നലെ ഉച്ചയോടെ ശർക്കര നിർമിക്കാൻ ആലപ്പുരയിൽ തീ കത്തിച്ചപ്പോളാണു തീപടർന്നത്. പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരുന്ന മറയൂർ ഗ്രാമത്തിൽ ദുരൈയുടെ ആലപ്പുരയിലാണ് വൻ തീപിടിത്തം ഉണ്ടായത്. ഓണത്തോടനുബന്ധിച്ച് നല്ല വില ലഭിക്കുമെന്ന് പ്രതീക്ഷയിൽ കഴിഞ്ഞദിവസം മുതൽ കരിമ്പ് വെട്ടിയിരുന്നു. ശർക്കര നിർമിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു തീപിടിത്തം.
ഇന്നലെ വലിയ അടുപ്പിൽ തീ കത്തിച്ചപ്പോൾ അപ്രത്യക്ഷമായി കാറ്റത്ത് തീപ്പൊരി വീണു. ആദ്യം കൂരയിൽ തീപിടിക്കുകയായിരുന്നു. ഇതോടെ ആലപ്പുര മുഴുവനും കത്തി. സമീപത്തെ കരിമ്പിൻ തോട്ടത്തിലും തീ പടർന്നതോടെ പാണ്ടി, കുമ്മുട്ടാം കുഴിയിലെ രാജേന്ദ്രൻ എന്നിവരുടെ കരിമ്പുകളും കത്തി നശിച്ചു. തീ ആളിപ്പടർന്നപ്പോൾ ആലപ്പുരയിൽ ദുരൈ ഉൾപ്പെടെ നാല് പേർ ഉണ്ടായിരുന്നു.
ഇവർ യാതൊരു അപകടവും സംഭവിക്കാതെ പുറത്തിറങ്ങി.സമീപത്തെ കൃഷിത്തോട്ടത്തിൽ ജോലി ചെയ്തിരുന്നവരും മറയൂർ ടൗണിലെ ഡ്രൈവർമാരും പൊലീസും റവന്യു ഉദ്യോഗസ്ഥരും മൂന്നാറിൽ നിന്ന് അഗ്നിശമന സേനയും എത്തി. ഇവർ ഒന്നു ചേർന്നു തീ അണച്ചതിനാൽ പരിസരത്തെ ഏക്കർ കണക്കിനുള്ള കരിമ്പ് പാടങ്ങൾ സംരക്ഷിക്കാൻ സാധിച്ചു. ആലപ്പുരയും കരിമ്പു തോട്ടവും കത്തി നശിച്ചതിൽ 5 ലക്ഷം രൂപ നഷ്ടമുണ്ടായി എന്നാണ് പറയപ്പെടുന്നത്.