ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ച: ഷട്ടറുകൾ ഉയർത്തി പരിശോധിക്കും
Mail This Article
ചെറുതോണി ∙ ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ച സംബന്ധിച്ച് അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി പരിശോധന നടത്തും. അണക്കെട്ടിൽ അതിക്രമിച്ചു കയറിയ യുവാവ്, ചെറുതോണി അണക്കെട്ടിന്റെ ഷട്ടറിനെ ബന്ധിപ്പിച്ചിരിക്കുന്ന ഉരുക്കുവടത്തിൽ എന്തോ ദ്രാവകം ഒഴിച്ചെന്നു സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അടുത്ത ആഴ്ച ഷട്ടറുകൾ ഉയർത്തി പരിശോധിക്കുന്നത്. വടത്തിൽ നിന്നു ശേഖരിച്ച സാംപിൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതിന്റെ ഫലം വന്നിട്ടില്ല. നിലവിൽ വടത്തിനോ ഷട്ടറിനോ ബലക്കുറവില്ലെന്നും അധികൃതർ അറിയിച്ചു.നിലവിൽ ജലനിരപ്പ് ഷട്ടറിന്റെ താഴെയായതിനാൽ ഷട്ടർ ഉയർത്തുമ്പോൾ വെള്ളം പുറത്തേക്കു പോകില്ല.
സുരക്ഷാവീഴ്ച അതീവ ഗൗരവമായാണ് പൊലീസ് കണക്കാക്കുന്നത്. സംഭവത്തിനു ശേഷം വിദേശത്തേക്കു കടന്ന പ്രതിയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താൽ മാത്രമേ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. ഇയാളെ കണ്ടെത്തുന്നതിന്റെ ഭാഗമായി ലുക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നതിനുള്ള നീക്കത്തിലാണ് പൊലീസ്. സുരക്ഷാവീഴ്ച സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്നലെയും ഇടുക്കി, ചെറുതോണി ഡാമുകളിൽ പൊലീസിന്റെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പരിശോധനയുണ്ടായിരുന്നു. ഡാമിൽ മറ്റെവിടെയെങ്കിലും അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടോ എന്നറിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ 11 വരെ സന്ദർശകരെ അണക്കെട്ടിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.