കുമളിയിൽ തമിഴ്നാടിന്റെ പുതിയ ബസ് സ്റ്റേഷൻ
Mail This Article
കുമളി∙ സംസ്ഥാന അതിർത്തിയായ കുമളിയിൽ തമിഴ്നാട് പുതിയ ബസ് സ്റ്റേഷൻ നിർമിക്കുന്നു. ഇതിന്റെ ശിലാസ്ഥാപന കർമം കമ്പം, ആണ്ടിപ്പെട്ടി എംഎൽഎമാരുടെ നേതൃത്വത്തിൽ നടത്തി. 5 കോടി രൂപ ചെലവിൽ 2 നിലകളിലായി നിർമിക്കുന്ന ബസ് സ്റ്റേഷനിൽ വ്യാപാര സ്ഥാപനങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവയ്ക്കു പുറമേ താമസത്തിനുള്ള 11 മുറികളും ഉണ്ടാകും. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
തമിഴ്‌നാടിനെ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പ്രദേശമായ കുമളിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇപ്പോൾ തമിഴ്‌നാട്ടിൽനിന്നു വരുന്ന ബസുകൾ ദേശീയപാതയിൽ റോഡിനിരുവശവും നിർത്തിയിടുകയാണ് ചെയ്യുന്നത്. ഇത് മറ്റു വാഹനങ്ങൾക്കു കടന്നുപോകാൻ തടസ്സമാകാറുണ്ട്. കുമളിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം കഴിഞ്ഞ 11 വർഷമായി ഉന്നയിക്കുന്ന വിഷയമാണ്. നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ വർക്‌ഷോപ്പാണ് ബസ് സ്റ്റേഷനാക്കി മാറ്റുന്നത്. കമ്പം എംഎൽഎ എൻ.രാമകൃഷ്ണൻ, ആണ്ടിപ്പെട്ടി എംഎൽഎ മഹാരാജൻ എന്നിവർക്കു പുറമേ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.