കേരളത്തിന്റെ ടൂറിസം തലസ്ഥാനമാകാൻ ഇടുക്കി ഒരുങ്ങുന്നു; വിനോദസഞ്ചാരികളുടെ സുരക്ഷ തന്നെ മുഖ്യം
Mail This Article
കേരളത്തിന്റെ ടൂറിസം തലസ്ഥാനമാകാനാണ് ഏറ്റവും വലിയ ജില്ലയായ ഇടുക്കി ഒരുങ്ങുന്നത്. അതിനാൽ തന്നെ സഞ്ചാരികൾ എത്തുമ്പോൾ അവർക്ക് സുരക്ഷ നൽകേണ്ടത് അത്യാവശ്യമാണ്. എന്നാൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സുരക്ഷയുടെ കാര്യത്തിൽ മുന്നിലല്ല. ആവശ്യത്തിന് പൊലീസ് സംവിധാനങ്ങളോ എയ്ഡ്പോസ്റ്റുകളോ വിനോദസഞ്ചാര കേന്ദ്രങ്ങളിലില്ല. അധികൃതർ എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം
ടൂറിസം പൊലീസ് കാര്യക്ഷമമല്ല
തേക്കടി
തേക്കടിയിൽ പേരിന് ടൂറിസം പൊലീസ് ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സഞ്ചാരികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കുമളി പഞ്ചായത്ത് ബസ് സ്റ്റാൻഡിലും ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ടിനു സമീപവുമാണ് ടൂറിസം പൊലീസിന് ഓഫിസുകളുള്ളത്. നാമമാത്രമായ പൊലീസുകാർ മാത്രമാണ് ഇവിടെ ഡ്യൂട്ടിയിൽ ഉള്ളത്. മുൻപ് സഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നത് ഉൾപ്പെടെ ഏത് ആവശ്യത്തിനും ടൂറിസം പൊലീസ് പ്രവർത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒന്നും കാര്യക്ഷമമല്ല.
ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ടിൽ വനംവകുപ്പ് ജീവനക്കാരും സഞ്ചാരികളും തമ്മിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കുമളി സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുക. ടൂറിസം പൊലീസിന്റെ പ്രവർത്തനം കാര്യക്ഷമമാണെങ്കിൽ ഇവിടെ പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കാൻ കഴിയും.
മൂന്നാർ
മൂന്നാറിൽ മാട്ടുപ്പെട്ടി ജലാശയത്തിനു സമീപം ടൂറിസം പൊലീസ് എയ്ഡ് പോസ്റ്റ് വർഷങ്ങൾക്കു മുൻപ് പ്രവർത്തിച്ചിരുന്നു. ഒരു എഎസ്ഐ ഉൾപ്പെടെ 7 ഉദ്യോഗസ്ഥരാണ് നിയമിക്കപ്പെട്ടത്. എന്നാൽ ടൂറിസം പൊലീസായി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്ക് താൽപര്യമില്ലാതായതോടെ എയ്ഡ് പോസ്റ്റ് പൂട്ടി. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന എയ്ഡ് പോസ്റ്റ് നിലവിൽ കാടുപിടിച്ചു കിടക്കുകയാണ്. മൂന്നാർ സ്റ്റേഷനിൽ നിലവിൽ 2 ടൂറിസം പൊലീസ് ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവർ മറ്റു ഡ്യൂട്ടികളാണ് ചെയ്യുന്നത്.
ചെറുതോണി
ജില്ലാ ആസ്ഥാനത്തും ടൂറിസം പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചെങ്കിലും പ്രവർത്തനം കാര്യക്ഷമമായില്ല. 5 വർഷം മുൻപ് ഇടുക്കി പാർക്കിനോട് അനുബന്ധിച്ചായിരുന്നു ടൂറിസം പൊലീസ് സ്റ്റേഷൻ നിർമിച്ചത്. തുടർന്ന് വൈദ്യുതി, വെള്ളം അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയെങ്കിലും സ്റ്റേഷൻ ഉദ്ഘാടനം ചെയ്തില്ല. ഇടുക്കി പാർക്കിന്റെ പ്രവർത്തനം പൂർണ നിലയിൽ ആയില്ലെന്നാണു കാരണമായി പറയുന്നത്. നിലവിൽ ഇടുക്കി പൊലീസ് സ്റ്റേഷനിലെ ഒരു സിവിൽ പൊലീസ് ഓഫിസർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇടുക്കി അണക്കെട്ടിലും ഹിൽവ്യൂ പാർക്കിലും എത്തുന്ന സഞ്ചാരികൾ ഇപ്പോൾ സഹായത്തിന് ആവശ്യമുണ്ടെങ്കിൽ സമീപിക്കുന്നത് ഇടുക്കി പൊലീസിനെയാണ്.
വാഗമണ്ണിൽ എന്ന് വരുംടൂറിസം പൊലീസ്
ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന വാഗമണ്ണിൽ ടൂറിസം പൊലീസിനെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചത് 14 വർഷം മുൻപാണ്. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെ വാഗമണ്ണിൽ എത്തിയാണ് ടൂറിസം പൊലീസിനെ അനുവദിക്കുമെന്ന് പറഞ്ഞത്. എന്നാൽ ഇതിനു ശേഷം മൂന്നാം മന്ത്രിസഭ എത്തിയിട്ടും കാര്യത്തിൽ തീരുമാനമോ, നടപടിയോ ഉണ്ടായിട്ടില്ല.
കോലാഹലമേട് മുതൽ വാഗമണ്ണിലെ അര ഡസൻ വ്യൂ പോയിന്റുകളിൽ അവധി ദിനങ്ങളിൽ സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല. ലോക്കൽ പൊലീസിനു മറ്റു ജോലികൾ മാറ്റിവച്ചു ടൂറിസം കേന്ദ്രങ്ങളിൽ മാത്രമായി നിൽക്കാനും കഴിയില്ല. വലിയ തോതിൽ സഞ്ചാരികൾ എത്തുന്ന പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലെ സ്ഥിതിയും ഇതു തന്നെ. പരുന്തുംപാറയിൽ പൊലീസിനായി മന്ദിരം നിർമിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞു. പാഞ്ചാലിമേട്ടിൽ സഞ്ചാരികൾ സഹായം തേടിയാൽ സംരക്ഷണത്തിന് പൊലീസ് എത്തേണ്ടത് 15 കിലോമീറ്റർ അകലെ നിന്നാണ്.
ചീയപ്പാറ, അഞ്ചുരുളി പ്രത്യേക നിരീക്ഷണം അത്യാവശ്യം
അഞ്ചുരുളി, അയ്യപ്പൻകോവിൽ തൂക്കുപാലം എന്നിവിടങ്ങളിൽ മുൻപത്തെക്കാൾ കൂടുതൽ സഞ്ചാരികൾ എത്തുന്നുണ്ട്. ഇവിടെ മദ്യപസംഘങ്ങൾ സ്ത്രീകളെയും മറ്റും ശല്യം ചെയ്യുന്നതു വാക്കേറ്റത്തിനു കാരണമാകുന്നു. ഏതാനും വർഷം മുൻപ് തൂക്കുപാലം സന്ദർശിക്കാൻ എത്തിയ സംഘത്തിൽപെട്ട സ്ത്രീയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ 9 പേർക്ക് പരുക്കേറ്റിരുന്നു. ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയുടെ അതിർത്തി മേഖലയായതിനാൽ സദാസമയവും പൊലീസിന്റെ നിരീക്ഷണം ഈ മേഖലയിൽ ഉണ്ടാകുന്നില്ലെന്നതാണ് പ്രശ്നം.
അഞ്ചുരുളിയിലും സമാന സാഹചര്യമാണുള്ളത്. തിരക്കേറിയ ദിവസങ്ങളിൽ വാഹന പാർക്കിങ് അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് മേഖലയിൽ തർക്കവും കയ്യാങ്കളിയും ഉണ്ടാകാറുണ്ട്. കൂടാതെ കൊച്ചി – ധനുഷ്കോടി ദേശീയപാതയോടു ചേർന്നുള്ള ചീയപ്പാറ വെള്ളച്ചാട്ടം കണ്ടാസ്വദിക്കുന്നതിന് അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ വൻ തിരക്കാണുള്ളത്. സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങൾ പാതയോരത്ത് തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നത് മറ്റു വാഹനങ്ങൾ ഇതു വഴി കടന്നു പോകുന്നതിന് തടസ്സമാകുന്നുണ്ട്. ഇതു പലപ്പോഴും ഗതാഗതക്കുരുക്കിനും സംഘർഷത്തിനും കാരണമാകുകയാണ്. മുൻപ് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചാണ് ഇവിടെ ഗതാഗതം സുഗമമാക്കിയിരുന്നത്. എന്നാൽ 5 വർഷത്തോളമായി പൊലീസിന്റെ സേവനം ഇവിടെ ലഭ്യമല്ല.
ജില്ല കാണുന്ന സ്വപ്നം ചിന്നക്കനാലിൽ പൊലീസ് സ്റ്റേഷൻ
പൊലീസ് സ്റ്റേഷൻ ഇല്ലാത്ത ഏക വിനോദ സഞ്ചാര കേന്ദ്രമാണ് ചിന്നക്കനാൽ. സീസണിൽ ദിവസവും അയ്യായിരത്തിലധികം സഞ്ചാരികളെത്തുന്ന ഇവിടെ ഒരു പൊലീസ് ഔട്ട് പോസ്റ്റെങ്കിലും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഹനങ്ങളുടെ നിയമ ലംഘനങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഏറെയുള്ള ചിന്നക്കനാലിലേക്ക് ശാന്തൻപാറയിൽ നിന്നു പൊലീസ് എത്തണമെങ്കിൽ ചുരുങ്ങിയത് 30 മിനിറ്റെങ്കിലും വേണം.
മൂന്നാറിലും മറയൂരിലും അതിക്രമങ്ങൾ വ്യാപകം
മൂന്നാർ പട്ടണത്തിൽ നിന്ന് ഏറെ ദൂരെയാണ് എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും. ഒറ്റപ്പെട്ടു കിടക്കുന്ന ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിസ്സാര കാരണങ്ങളുടെ പേരിൽ സന്ദർശകർക്കു നേരെ അതിക്രമങ്ങൾ പതിവായിരിക്കുകയാണ്. ഒരു മാസം മുൻപ് എക്കോ പോയിന്റിൽ സ്റ്റിൽ ഫോട്ടോ എടുത്തതിന് അമിത നിരക്ക് ഈടാക്കിയത് ചോദ്യം ചെയ്ത തിരുവനന്തപുരം സ്വദേശികളെ ഫൊട്ടോഗ്രഫർമാർ, വഴിയോര കച്ചവടക്കാർ എന്നിവരുടെ നേതൃത്വത്തിൽ മർദിച്ചിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് മാട്ടുപ്പെട്ടിയിൽ വച്ച് കുമളി സ്വദേശികളെ ബൈക്കിലെത്തിയ രണ്ടു യുവാക്കൾ ആക്രമിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്തു. മറയൂർ, കാന്തല്ലൂർ മേഖലയിൽ ഒരു വർഷത്തിനിടെ 4 ഒറ്റപ്പെട്ട ആക്രമണങ്ങളാണ് നടന്നത്. വിദൂര പ്രദേശത്ത് പ്രവർത്തിക്കുന്ന റിസോർട്ടുകളിലാണ് കൂടുതലും ഇവ ഉണ്ടാകുന്നത്. കൂടാതെ ഇവിടത്തെ വെള്ളച്ചാട്ടങ്ങളിൽ സുരക്ഷാസംവിധാനങ്ങൾ ഒന്നും തന്നെയില്ല. കച്ചാരം, ഇറച്ചിൽപാറ വെള്ളച്ചാട്ടങ്ങളിൽ പാറക്കെട്ടുകൾ മാറ്റി സംവിധാനം ഒരുക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല.