വിനോദസഞ്ചാരികളേ, നടുവൊടിയണോ? ഇതുവഴി വാ...
Mail This Article
ചിന്നക്കനാൽ ∙ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചിന്നക്കനാലിലേക്ക് പോകാൻ പവർഹൗസ് മുതൽ ചിന്നക്കനാൽ വരെയുള്ള 3 കിലോമീറ്റർ തകർന്നgകിടക്കുന്ന റോഡ് താണ്ടണം. ഒരു വർഷം മുൻപ് റോഡിന്റെ നിർമാണം തുടങ്ങിയതാണെങ്കിലും പകുതിയോളം ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് ഭാഗികമായെങ്കിലും പൂർത്തിയായത്. കുഞ്ചിത്തണ്ണി ആസ്ഥാനമായ സഹകരണ സ്ഥാപനമാണ് നിർമാണം കരാറെടുത്തിരിക്കുന്നത്.
കരാറെടുത്തത് മുതൽ പല കാരണങ്ങളാൽ നിർമാണം വൈകി. ചിന്നക്കനാലിലെ റേഷൻ കടയുടെ സമീപമുള്ള ഒരു കലുങ്കിന്റെ നിർമാണം പാതിയിൽ നിർത്തി വച്ചത് അപകടഭീഷണി ഉയർത്തുന്നു. സോളിങ് നടത്തിയ ചില ഭാഗത്ത് പോലും കുഴികൾ രൂപപ്പെട്ടു. സോളിങ് പൂർത്തിയായ ഭാഗത്ത് വാഹനങ്ങൾ പോകുമ്പോൾ പാെടിശല്യവും രൂക്ഷമാണ്.
പ്രധാന രാഷ്ട്രീയ പാർട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനമാണ് റോഡ് നിർമാണം കരാറെടുത്തിരിക്കുന്നത്. അതുകാെണ്ട്, നിർമാണം വൈകുന്നതിൽ പാെതുമരാമത്ത് വകുപ്പിനും പരാതിയില്ല. ചിന്നക്കനാൽ, സൂര്യനെല്ലി മേഖലകളിലേക്ക് വാഹനങ്ങളിലെത്തുന്ന സഞ്ചാരികളും നാട്ടുകാരുമാണ് റോഡ് നിർമാണം വൈകുന്നത് മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.