അടിസ്ഥാന സൗകര്യ വികസനം, സർക്കാർ സ്കൂളുകളിൽ മെല്ലെപ്പോക്ക്
Mail This Article
ജില്ലയിലെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ മെല്ലെപ്പോക്കാണെന്ന് രക്ഷിതാക്കളും ആരോപിക്കുന്നു. സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറയുമ്പോൾ മറ്റു സ്കൂളുകളിൽ പ്രവേശനത്തിനായി വലിയ തിരക്കാണെന്നും ഇവർ പറയുന്നു. കുട്ടികൾ കുറയുമ്പോൾ അധ്യാപകരുടെ എണ്ണവും കുറയ്ക്കുന്ന പ്രവണതയാണ് ജില്ലയിൽ സർക്കാർ സ്കൂളുകളിൽ കാണുന്നത്
ശാന്തൻപാറ സ്കൂളിനെയും വികസിപ്പിക്കണം
ഒരു കാലത്ത് ഹൈറേഞ്ചിലെ നിരവധി വിദ്യാർഥികൾക്ക് അറിവ് പകർന്ന ശാന്തൻപാറയിലെ ഗവ.ഹൈസ്കൂൾ ഇന്ന് അടച്ചു പൂട്ടലിന്റെ വക്കിലാണ്. സമീപ പ്രദേശങ്ങളിലെല്ലാം ഇംഗ്ലിഷ് മീഡിയം അൺ എയ്ഡഡ് സ്കൂളുകളും നിലവാരം കൂടുതലുള്ള എയ്ഡഡ് സ്കൂളുകളും വന്നതോടെയാണ് വിദ്യാർഥികളുടെ എണ്ണം കുറഞ്ഞത്. അതിനാെപ്പം അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വാഹന സൗകര്യമില്ലാത്തതും ഒരു കാലത്ത് ശാന്തൻപാറയുടെ അഭിമാനമായിരുന്ന ഇൗ സർക്കാർ സ്കൂളിന് ഇരട്ടി പ്രഹരമായി. ശാന്തൻപാറയിലെ സർക്കാർ സ്കൂൾ ആരംഭിച്ച് വർഷങ്ങൾക്ക് ശേഷം തുടങ്ങിയ സർക്കാർ സ്കൂളുകളിൽ പോലും ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ആവശ്യത്തിന് കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്തതാണ് ശാന്തൻപാറ ഗവ.ഹൈസ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം അനുവദിക്കുന്നതിനു തടസ്സമായത്. ഒന്നു മുതൽ 10 വരെ ഒരു ഡിവിഷൻ വീതമുണ്ടെങ്കിലും 7 ക്ലാസ് മുറികൾ മാത്രമാണ് സ്കൂളിലുള്ളത്. മറ്റുള്ള ക്ലാസുകൾ ഓഡിറ്റോറിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 110 വിദ്യാർഥികളാണ് നിലവിൽ സ്കൂളിലുള്ളത്.
11 വിദ്യാർഥികളാണ് ഇൗ വർഷം എസ്എസ്എൽസി പരീക്ഷയെഴുതാൻ തയാറെടുക്കുന്നത്. ഒന്നാം ക്ലാസ്സിലുൾപ്പെടെ അതിഥി താെഴിലാളികളുടെ മക്കൾ ചേർന്നിട്ടുണ്ടെങ്കിലും സ്കൂളിന് സ്വന്തമായി വാഹനമില്ലാത്തത് തിരിച്ചടിയാണ്. അധ്യാപകരും പിടിഎയും ചേർന്ന് ഒരു വാഹനം വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്നുണ്ട്. എന്നാൽ ഇൗ ചെറിയ വാഹനത്തിൽ ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ വിദ്യാർഥികളെ കാെണ്ടുവരാൻ കഴിയുന്നില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
മറയൂർ സ്കൂളിൽ കെട്ടിട നിർമാണം ഇഴയുന്നു
വർഷങ്ങൾ പഴക്കമുള്ള കെട്ടിടം കേടുപാട് സംഭവിച്ചതോടെ മറയൂർ ഹയർ സെക്കൻഡറി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത് ഹൈസ്കൂളിനായി പണിതീർത്ത കെട്ടിടത്തിലാണ്. ഈ കെട്ടിടം ഹൈസ്കൂൾ അളവിൽ ഉള്ളതിനാൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് സൗകര്യക്കുറവ് പ്രധാന പ്രശ്നമായി മാറുകയാണ്. 2017ൽ മൂന്ന് കോടി 43 ലക്ഷം രൂപ ചെലവിൽ സ്കൂളിന് സമീപം പുതിയ കെട്ടിടം നിർമിക്കാൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു.
എന്നാൽ ഇതുവരെ കടലാസ് നീക്കങ്ങൾ നടക്കുന്നതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. കഴിഞ്ഞദിവസം കെട്ടിട നിർമാണം വിലയിരുത്തുന്നതിന് എൻജിനീയർ എത്തി പരിശോധന നടത്തിയിരുന്നു. മരങ്ങൾ വെട്ടി മാറ്റിയാൽ നിർമാണം നടത്താം എന്നാണ് പറയുന്നത്. മരം മുറിക്കാൻ വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി അനുമതി നൽകണം. ഇതിനായി കത്ത് നൽകിയെങ്കിലും മറുപടി കിട്ടിയില്ല. ഇത്തരത്തിൽ ഇഴയുകയാണ് കെട്ടിട നിർമാണം.
കഴിഞ്ഞ വർഷങ്ങളിൽ പ്രവർത്തിച്ചിരുന്ന കെട്ടിടം ഉപയോഗിക്കാൻ പാടില്ലെന്ന (അൺഫിറ്റ്) സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ലാബിനായി കിഫ്ബി ഫണ്ടിൽ പുതിയ കെട്ടിടം നിർമിച്ചിട്ടുണ്ട്. ഇതിൽ ലാബിന്റെ പ്രവർത്തനം തുടങ്ങിയില്ല. പിന്നാക്ക മേഖലയും ആദിവാസി കുടികളിൽ നിന്നുമായി 300ൽ അധികം വിദ്യാർഥികളാണ് ഹയർ സെക്കൻഡറി സ്കൂളിലുള്ളത്. കെട്ടിടമില്ലാത്ത സ്ഥിതി മാറ്റി സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്നാണ് ആവശ്യം.
ചോറ്റുപാറ സ്കൂൾ മാറിയ കഥ
നാട്ടുകാർക്കെല്ലാം ഏറെ പ്രിയങ്കരനാണ് പി.അജിത്കുമാർ എന്ന അധ്യാപകൻ. പഠിക്കാൻ വിദ്യാർഥികൾ ഇല്ലാതെ പൂട്ടുവീഴുമെന്ന ഘട്ടത്തിൽ ചോറ്റുപാറ ഗവ.ഹൈസ്കൂളിലേക്ക് അജിത്കുമാർ ട്രാൻസ്ഫർ വാങ്ങി എത്തിയത് നിയോഗമെന്ന പോലെ. ചോറ്റുപാറ സ്കൂളിൽ എത്തുമ്പോൾ ആകെ കുട്ടികളുടെ എണ്ണം വെറും 33 മാത്രം. അസൗകര്യങ്ങളുടെ ചോറ്റുപാറ സ്കൂളിൽ പഠിക്കാൻ കുട്ടികൾ ഇല്ലാത്ത അവസ്ഥ.
എന്നാൽ ചോറ്റുപാറ സ്കൂളിലെ പൂർവ വിദ്യാർഥികളെയും അഭ്യുദയകാംക്ഷികളെയും ഉൾപ്പെടുത്തി ബഹുജന സമ്മേളനം നടത്തിയും അടുത്തുള്ള ആർപിഎം എൽപി സ്കൂളിലെത്തി രക്ഷിതാക്കളോട് സംവദിച്ചും തൊട്ടടുത്ത വർഷം ചോറ്റുപാറ സ്കൂളിലെ അഞ്ചാം ക്ലാസിൽ അഡ്മിഷൻ നേടിയത് 33 കുട്ടികളാണ്. അങ്ങനെ ചോറ്റുപാറ സ്കൂളിൽ ഇംഗ്ലിഷ് ഡിവിഷനും ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് 11 ലക്ഷം, പ്ലാൻ ഇന്ത്യ പദ്ധതിയിൽ 26 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്താനും കഴിഞ്ഞു.
ഇന്നിപ്പോൾ 330 കുട്ടികൾ പഠിക്കുന്ന 20 അധ്യാപകരുമുള്ള മികച്ച സ്കൂളായി ചോറ്റുപാറ സ്കൂൾ മാറി. സ്മാർട്ട് ക്ലാസ്സ് റൂം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ട്. പഠനം വീടുകളിൽ മാത്രമായ കോവിഡ് കാലത്ത് 33 കുട്ടികളുടെ വീട്ടിൽ ടിവി എത്തിച്ചു നൽകാനും അജിത്കുമാർ നേതൃത്വം നൽകി. 2021ൽ വിരമിച്ച അജിത് കുമാർ നിലവിൽ നെടുങ്കണ്ടം കോ–ഓപ്പറേറ്റീവ് കോളജിലെ പ്രിൻസിപ്പലാണ്.
കുറഞ്ഞും കൂടിയും കുട്ടികൾ
കോവിഡ് കാലത്ത് ജില്ലയിലെ സർക്കാർ സ്കൂളുകളിൽ കുട്ടികൾ കൂടിയിരുന്നു. എന്നാൽ കോവിഡിന് ശേഷം കുട്ടികൾ കുറയുന്നതാണ് കണക്കുകൾ. അതായത് 2022–23 വർഷത്തിൽ ജില്ലയിൽ 33,124 കുട്ടികൾ ഉണ്ടായിരുന്നിടത്ത് 2023–24 വർഷത്തിൽ 31,748 കുട്ടികളാണുള്ളത്.
1376 കുട്ടികളുടെ കുറവ് ഇപ്രാവശ്യമുണ്ടായി. കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിൽ എൽപി തലത്തിലാണ് ഏറ്റവും കുറവ്. ഹൈസ്കൂൾ എത്തുമ്പോൾ കുട്ടികളുടെ എണ്ണത്തിൽ വർധന പ്രകടമാണ്. എൽപി, യുപി തലത്തിൽ കുട്ടികളെ കൂടുതലായി സ്കൂളിൽ എത്തിക്കാനുള്ള നടപടി അത്യാവശ്യമാണ്.