ഇതൊന്നു മാറ്റുമോ?; വില്ലേജ് ഓഫിസിനു മുൻപിലുള്ള ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കണമെന്നാവശ്യം
Mail This Article
മൂന്നാർ∙ വർഷങ്ങൾക്കു മുൻപ് കട്ടപ്പുറത്തായ സർക്കാർ വാഹനങ്ങൾ വില്ലേജ് ഓഫിസിനു മുൻപിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നതുമൂലം വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഓഫിസിനുള്ളിൽ കയറുന്നതിന് തടസ്സമാകുന്നു. ദേവികുളത്തെ താലൂക്ക് ഓഫിസ് കെട്ടിടത്തിനു സമീപം പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസിന്റെ പ്രവേശന കവാടത്തിലാണ് രണ്ടു ജീപ്പുകൾ വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ടുകിടക്കുന്നത്.
താലൂക്കിലെ ഭൂരേഖ തഹസിൽദാർ, കെഡിഎച്ച് വില്ലേജിലെ ഡപ്യൂട്ടി തഹസിൽദാർ എന്നിവരുടെ ഔദ്യോഗിക വാഹനങ്ങളാണ് വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. വില്ലേജ് ഓഫിസിലേക്ക് പ്രവേശിക്കുന്നതിനുള്ള ഏക വാതിലിന്റെ ഇരുവശത്താണ് ഇവ കിടക്കുന്നത്. വർഷങ്ങളായി ഇവ വാതിലടച്ചു കിടക്കുന്നതുമൂലം ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും ഓഫിസിൽ കയറുന്നതിനും ഇറങ്ങുന്നതിനും തടസ്ലമായിരിക്കുകയാണ്.
വാഹനമില്ലാതെ ഡപ്യൂട്ടി തഹസിൽദാർ
ഔദ്യോഗിക വാഹനം വർഷങ്ങളായി കട്ടപ്പുറത്തായതോടെ കെഡിഎച്ച് വില്ലേജിലെ ഉദ്യോഗസ്ഥർക്ക് യാത്രാസൗകര്യമില്ലാതായി. വില്ലേജിന്റെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി തഹസിൽദാർക്കും ജീവനക്കാർക്കും സഞ്ചരിക്കുന്നതിനായി അനുവദിച്ചിരുന്ന വാഹനമാണ് വർഷങ്ങളായി കേടായി കിടക്കുന്നത്. ഏറ്റവുമധികം കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും നടക്കുന്ന വില്ലേജാണ് കെഡിഎച്ച്.
എന്നാൽ കയ്യേറ്റങ്ങൾ, നിർമാണങ്ങൾ എന്നിവ കണ്ടെത്തി ഒഴിപ്പിക്കുന്നതിനും നടപടിയെടുക്കുന്നതിനും സ്ഥല സന്ദർശനത്തിനായി പോകാൻ വർഷങ്ങളായി ഉദ്യോഗസ്ഥർക്ക് വാഹനങ്ങളില്ലാത്തതുമൂലം കഴിയുന്നില്ല. ഓഫിസിലേക്ക് വാഹനം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകൾ നൽകിയെങ്കിലും ഒരു നടപടികളുമുണ്ടായില്ല.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local