കുറഞ്ഞ ചെലവിൽ കാത്തിരിപ്പ് കേന്ദ്രം നിർമിച്ച് ബിജെപി
Mail This Article
ചെറുതോണി ∙ ടൈൽ പാകിയ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മ്യൂസിക് സിസ്റ്റവും ലൈറ്റുകളും. ആകെ ചെലവായത് 62,000 രൂപ മാത്രം. അടിമാലി – കുമളി ദേശീയ പാതയിൽ ചുരുളിക്കു സമീപം കുഴിക്കാട്ട് പടിയിലാണു ചുരുങ്ങിയ ചെലവിൽ അടിപൊളി ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചിരിക്കുന്നത്. ബിജെപി കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റിയാണ് കാത്തിരിപ്പു കേന്ദ്രം ഒരുക്കിയത്. ഒട്ടേറെ യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന ഇവിടെ കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ ത്രിതല പഞ്ചായത്തുകൾ തയാറാകാത്ത സാഹചര്യത്തിലാണ് ബിജെപി ഇതിനായി മുന്നോട്ടു വന്നത്. 2018 – ലെ മഹാ പ്രളയത്തിൽ തകർന്നുപോയ റോഡ് പുനഃസ്ഥാപിച്ചതിനു ശേഷം ബസ് കാത്തിരിപ്പു കേന്ദ്രത്തിനായി നാട്ടുകാർ ഒട്ടേറെ നിവേദനങ്ങൾ നൽകിയിരുന്നു.
ബിജെപി ജില്ലാ അധ്യക്ഷൻ കെ.എസ്.അജി വെയ്റ്റിങ് ഷെഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് മെംബർ സിൽവി സോജൻ മ്യൂസിക് സിസ്റ്റത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പച്ചിലാംകുന്നേൽ അധ്യക്ഷനായി. ബിജെപി ഇടുക്കി മണ്ഡലം പ്രസിഡന്റ് സുരേഷ് മീനത്തേരി, ടീ ബോർഡ് മെംബർ ടി.കെ.തുളസീധരൻ പിള്ള, നേതാക്കളായ സുധൻ പള്ളിവിളാകത്ത്, സോജൻ പാണംകുന്നേൽ, ഒ.സി.ടോമി, സോമശേഖരൻ, മിനി മുരളി, അശോകൻ വെള്ളാപിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.