മീശപ്പുലിമലയിൽ കാണാനുള്ളത് മഞ്ഞ് മാത്രമല്ല, വരയാടും
Mail This Article
മൂന്നാർ ∙ ‘മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ?’ – ഈ സിനിമാ ഡയലോഗിലൂടെ പ്രശസ്തമായ മീശപ്പുലിമലയിൽ വരയാടുകളുടെ സാന്നിധ്യം സജീവമായി. കഴിഞ്ഞ ഏതാനും മാസങ്ങളായാണ് വരയാടുകളുടെ സാന്നിധ്യം വർധിച്ചത്. സന്ദർശകർ ട്രെക്കിങ് ആരംഭിക്കുന്ന റോഡോ മാൻഷൻ മുതൽ ട്രെക്കിങ് അവസാനിക്കുന്ന സ്ഥലം വരെയാണ് ഒട്ടേറെ വരയാടുകൾ ഉള്ളത്. കുഞ്ഞുങ്ങളടക്കം അൻപതിലധികം വരയാടുകൾ മീശപ്പുലിമലയിൽ ഉള്ളതായാണ് കരുതുന്നത്.
ഇരവികുളം ദേശീയോദ്യാനമാണ് വരയാടുകളുടെ പ്രധാന ആവാസ കേന്ദ്രം. വരയാടുകളെ അടുത്തു കാണുന്നതിനും മറ്റുമായി ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമലയിൽ വനംവകുപ്പ് വിനോദ സഞ്ചാരികൾക്കായി പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രാജമലയ്ക്കു പുറമേ വരയാടുകളെ അടുത്തു കാണുന്നതിനുള്ള പ്രധാന കേന്ദ്രമായി മീശപ്പുലിമല മാറിയിരിക്കുകയാണിപ്പോൾ. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളാണ് സാധാരണ മീശപ്പുലിമല സന്ദർശിക്കുന്നത്.
മാട്ടുപ്പെട്ടി റോഡിലുള്ള കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ (കെഎഫ്ഡിഡിസി) സംഘടിപ്പിക്കുന്ന പാക്കേജ് വഴിയാണ് ഇവിടേക്കുള്ള പ്രവേശനം. മൂന്നാറിൽ നിന്നു സൈലന്റ് വാലി വഴി റോഡോ മാൻഷൻ വരെ വാഹനത്തിൽ പോകാം. അവിടെ നിന്നു ചെങ്കുത്തായ മല കയറി വേണം മീശപ്പുലിമലയിൽ എത്താൻ. വർഷത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും മഞ്ഞു മൂടി കിടക്കുന്ന ഇവിടെ മഞ്ഞ് നൂൽമഴയായി പെയ്യുന്നത് ഏറെ പ്രശസ്തമാണ്.