തൊടുപുഴ ജില്ലാ ആശുപത്രിയിലെ പ്രശ്നങ്ങൾ പരിഹരിക്കും: മന്ത്രി വീണാ ജോർജ്
Mail This Article
തൊടുപുഴ∙ ആർദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി മന്ത്രി വീണാ ജോർജ് തൊടുപുഴ ജില്ലാ ആശുപത്രി സന്ദർശിച്ചു. ആശുപത്രികളിൽ നിന്നുള്ള സേവനങ്ങൾ ജനങ്ങൾക്ക് എങ്ങനെ ലഭ്യമാകുന്നു എന്നത് പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയിലെത്തിയ മന്ത്രി വാർഡുകളിലെത്തി രോഗികളും കൂട്ടിരിപ്പുകാരുമായും ആരോഗ്യ പ്രവർത്തകരുമായും ആശയ വിനിമയം നടത്തി. തൊടുപുഴ ആശുപത്രിയിലെ കെട്ടിട നിർമാണം പൂർത്തിയാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഡയാലിസിസ് യൂണിറ്റ് ഉടൻ പൂർണ സജ്ജമാക്കും.
അതോടൊപ്പം കാരുണ്യ ഫാർമസി സ്ഥാപിക്കുന്നതിനും നടപടിയെടുക്കും. ഇടുക്കി ജില്ലയിൽ കാത്ത് ലാബ് യാഥാർഥ്യമാക്കും. എല്ലാ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ജില്ലാ കലക്ടറേറ്റിൽ ചേരുന്ന അവലോകന യോഗത്തിൽ ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അടിയന്തരമായി പരിഹാരം കാണേണ്ട വിഷയങ്ങളിൽ എത്രയും വേഗം നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് മന്ത്രി നിർദേശം നൽകി. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.
നിവേദനം നൽകി
മുട്ടം ∙ മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് തോട്ടുങ്കര പൗരാവലി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് നിവേദനം നൽകി. പി.എസ്.അസീസ്, ടി.എച്ച്.ഈസ, വി.എം.ദിബു, ബാദുഷ അഷ്‌റഫ്, കെ.ജെ.മനോജ്, എം.ഐ.നൗഷാദ്, എന്നിവരാണ് നിവേദനം നൽകിയത്.
കെട്ടിടത്തിനു ഭരണാനുമതി നൽകണം: പി.ജെ.ജോസഫ്
ജില്ലാ ആശുപത്രിയിൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഇതിനു ഭരണാനുമതി ലഭ്യമാക്കണമെന്നും പി.ജെ.ജോസഫ് എംഎൽഎ മന്ത്രി വീണാ ജോർജിനോട് ആവശ്യപ്പെട്ടു. കെട്ടിട നിർമാണത്തിനായി 18 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സമർപ്പിച്ചിട്ടുള്ളത്. നെഫ്രോളജിസ്റ്റ്, ന്യൂറോളജിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം. നഴ്സുമാർ, ഫാർമസിസ്റ്റ്, ഡയാലിസിസ് ടെക്നിഷ്യൻ, നഴ്സിങ് അസിസ്റ്റന്റുമാർ എന്നിവരെ കൂടുതലായി നിയമിക്കണം. സ്റ്റാഫിന്റെ കുറവു കൊണ്ട് രണ്ട് ഐസിയു യൂണിറ്റുകളും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.