സഞ്ചാരികളേ വാ കാണാം, ഇതാണ് നാടുകാണി പവിലിയന്റെ ദുരവസ്ഥ!
Mail This Article
മൂലമറ്റം∙ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ നാടുകാണി പവിലിയൻ നാശത്തിന്റെ വക്കിൽ. അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനാൽ കളിപ്പാട്ടങ്ങളടക്കം നശിക്കുകയാണ്. ഒരു കാലത്ത് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായിരുന്നു ഇവിടം. ലോറേഞ്ച് ഹൈറേഞ്ചുകളുടെ ഇടത്താവളമായ നാടുകാണി പവിലിയൻ സന്ദർശിക്കാൻ ഒട്ടേറെ ആളുകളാണ് എത്തുന്നത്. ഇവിടെ ഒരു ബൈനോകുലർ സ്ഥാപിച്ചിരുന്നതാണ്.
എന്നാൽ ഇത് തകരാറായി വർഷങ്ങൾ കഴിഞ്ഞിട്ടും വീണ്ടും ഒരു ബൈനോക്കുലർ സ്ഥാപിക്കാനായില്ല. ഇവിടെനിന്ന് എറണാകുളം വരെയുള്ള പ്രദേശങ്ങൾ കാണാം. തേയില തോട്ടം, മൂലമറ്റം, തുടങ്ങി ഒട്ടേറെ കാഴ്ചകളാണ് ഇവിടെനിന്നാൽ കാണാൻ കഴിയുന്നത്.
തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയോരത്തിനു സമീപമാണ് പവിലിയൻ. കനേഡിയൻ എൻജിനീയർമാർ പണിത കെട്ടിടമാണ് ഉയരം കൂടിയ പാറകളിൽ ഒന്നിലാണ് പവിലിയൻ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽനിന്ന് ഏകദേശം 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെനിന്നു നോക്കിയാൽ ഇടുക്കി, എറണാകുളം ജില്ലകളുടെ ഒട്ടേറെ സ്ഥലങ്ങൾ കാണാൻ സാധിക്കും.