വനമേഖലയിൽ അതിതീവ്രമഴ; കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ വെള്ളം കുത്തിയൊലിച്ചു കയറി
Mail This Article
അടിമാലി ∙ കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വനമേഖലയിൽ അതിതീവ്രമഴ. റോഡിലേക്കു വെള്ളം കുത്തിയൊലിച്ചതോടെ വാളറ മുതൽ നേര്യമംഗലം വരെ ഗതാഗതം ദുഷ്കരമായി. ഇന്നലെ വൈകിട്ട് 6 മണിയോടെയാണു കനത്തമഴ ആരംഭിച്ചത്. ഇതോടെ മലമുകളിൽനിന്നു വൻ തോതിലാണു വെള്ളം പാതയിലേക്ക് ഒഴുകിയെത്തിയത്. കനത്ത മഴ തുടരുന്നതു യാത്രക്കാരിൽ ആശങ്കയ്ക്ക് ഇടയാക്കി.
ജലനിരപ്പുയർന്ന് മുല്ലപ്പെരിയാർ
കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 123.75 അടിയിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു പെയ്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. സെക്കൻഡിൽ 1869 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നുണ്ട്. ഇവിടെനിന്നു തമിഴ്നാട് സെക്കൻഡിൽ 700 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. കഴിഞ്ഞ മാസം 120 അടിയിൽ താഴെ ആയിരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പാണ് ഇന്നലെ രാവിലെ 123.75 അടിയിലെത്തിയത്. തിങ്കളാഴ്ച അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു 21.4 മില്ലിമീറ്റർ മഴയും, തേക്കടിയിൽ 22.4 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. തമിഴ്നാട് മുല്ലപ്പെരിയാറിലെ വെള്ളം ശേഖരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് 60.47 അടിയായി ഉയർന്നു. 71 അടിയാണു വൈഗയിലെ സംഭരണ ശേഷി.
തുലാമഴയ്ക്കൊപ്പം മിന്നൽ ഭീഷണിയും
തൊടുപുഴ ∙ ജില്ലയിൽ തുലാമഴയ്ക്കൊപ്പം ഭീതി വിതച്ച് ഇടിമിന്നലും. കരുണാപുരം തേഡ് ക്യാംപിൽ തിങ്കൾ രാത്രി മഴയ്ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ അച്ഛനും മകനും പരുക്കേറ്റു. ഇവർ തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.കഴിഞ്ഞയാഴ്ചയും ജില്ലയിൽ മിന്നലിൽ വീടുകൾക്ക് കേടുപാട് ഉൾപ്പെടെ നാശനഷ്ടം നേരിട്ടിരുന്നു. ഇന്ന് മുതൽ 28 വരെ ജില്ലയിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
വേണം മുൻകരുതൽ
∙ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക.
∙ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക
∙ ലോഹവസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
∙ ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
∙ കഴിയുന്നത്ര വീടുകളുടെ ഉൾഭാഗത്തു ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക
∙ ഇടിമിന്നലുള്ളപ്പോൾ ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. കുട്ടികളെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കാൻ വിടരുത്.
∙ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
∙ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.
∙ ഇടിമിന്നലുള്ള സമയത്തു വാഹനത്തിനകത്തു തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കണം.
∙ മിന്നലുള്ള സമയത്തു വളർത്തു മൃഗങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടരുത്.
കൂടുതൽ മഴ ഉടുമ്പൻചോലയിൽ
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ ഏറ്റവുമധികം മഴ ലഭിച്ചത് ഉടുമ്പൻചോല താലൂക്കിലാണ്– 50.8 മില്ലീമീറ്റർ. പീരുമേട് താലൂക്കിൽ 29 മില്ലിമീറ്ററും ഇടുക്കിയിൽ 21.6 മില്ലിമീറ്ററും മഴ ലഭിച്ചു. തൊടുപുഴ, ദേവികുളം താലൂക്കുകളിൽ മഴ കുറവായിരുന്നു. ഒക്ടോബർ 1 മുതൽ ഇന്നലെ രാവിലെ വരെ ജില്ലയിൽ ലഭിച്ചത് 236.6 മില്ലീമീറ്റർ മഴയാണ്. സാധാരണ ലഭിക്കാറുള്ളത് 302.6 മില്ലീമീറ്റർ. മഴക്കുറവ് 22 ശതമാനം