ADVERTISEMENT

തൊടുപുഴ ∙ പൂജാ അവധിദിനങ്ങളിൽ ഇടുക്കിയുടെ മനോഹാരിത ആസ്വദിക്കാൻ എത്തിയത് ഒരു ലക്ഷത്തിൽപരം സഞ്ചാരികൾ. ഒക്ടോബർ 21 മുതൽ 24 വരെയുള്ള 4 ദിവസങ്ങളിൽ ജില്ലയിൽ ഡിടിപിസിയുടെ കീഴിലുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ മാത്രം 95,762 പേർ സന്ദർശനം നടത്തി. 

ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയതു വാഗമൺ മൊട്ടക്കുന്നിലാണ്– 30,193 പേർ. ഇതിനുപുറമെ, ജില്ലയിലെ വനംവകുപ്പിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലും ഹൈഡൽ ടൂറിസം കേന്ദ്രങ്ങളിലും എത്തിയ സ‍ഞ്ചാരികളും ഏറെ. മഴ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്തിനകത്തും പുറത്തുംനിന്നുമുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടർന്നു. മിക്ക ഹോട്ടലുകളിലും റിസോർട്ടുകളിലും മുറികൾ കിട്ടാനില്ലാത്ത സ്ഥിതിയായിരുന്നു. മൂന്നാർ, വാഗമൺ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള പാതകളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

∙ ഗോൾഡൻ ഡേയ്സ്
ഇടുക്കിയുടെ ടൂറിസം മേഖലയിൽ ‘ഗോൾഡൻ ഡേയ്സ്’ ആണു പൂജാ അവധി ദിവസങ്ങൾ. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ലെന്നു മാത്രമല്ല, മുൻ വർഷത്തെക്കാൾ കൂടുതൽ സഞ്ചാരികൾ എത്തിയതായാണ് ഔദ്യോഗിക കണക്കുകൾ. വാഗമണ്ണിൽ ഗ്ലാസ് ബ്രിജ് സന്ദർശകർക്കായി തുറന്നത് ഇവിടെ തിരക്ക് കൂടാൻ കാരണമായി. 4 ദിവസങ്ങളിലായി അയ്യായിരത്തോളം പേരാണ് ഇന്ത്യയിലെ ഏറ്റവും വലിയ, ഈ കാൻഡി ലിവർ കണ്ണാടിപ്പാലത്തിൽ കയറിയത്.

 പൂജാ അവധി ദിനങ്ങളിൽ ആകെ 26,986 സഞ്ചാരികൾ വാഗമൺ അഡ്വഞ്ചർ പാർക്കിൽ എത്തിയതായാണു കണക്കുകൾ. ഇനി ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷ നാളുകളിലും ജില്ലയിലേക്കു വലിയ തോതിൽ സഞ്ചാരികളുടെ ഒഴുക്ക് പ്രതീക്ഷിക്കുന്നതായി ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു.

തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നടക്കം കൂടുതൽ സഞ്ചാരികൾ എത്താനിടയുണ്ട്. അതേസമയം, സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വീണ്ടും ചർച്ചയായി. മെച്ചപ്പെട്ട വഴി ഉൾപ്പെടെ, കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ സഞ്ചാരികളുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകുമെന്നാണു വിലയിരുത്തൽ.

∙ 21 മുതൽ 24 വരെ  ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയ സഞ്ചാരികൾ  (ഡിടിപിസിയുടെ കണക്ക്)

മാട്ടുപ്പെട്ടി: 2,330
രാമക്കൽമേട്: 8478
അരുവിക്കുഴി: 1075
ശ്രീനാരായണപുരം: 5348
വാഗമൺ മൊട്ടക്കുന്ന്: 30,193

വാഗമൺ അഡ്വഞ്ചർ

പാർക്ക്: 26,986

പാഞ്ചാലിമേട്: 7600

ഇടുക്കി ഹിൽവ്യൂ 

പാർക്ക്: 5096

മൂന്നാർ ബൊട്ടാണിക്കൽ 

ഗാർഡൻ: 8656

English Summary:

Magic of Pooja Tourism: One Lakh Tourists arrived in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com