ഭക്ഷണമില്ലാതെ 4 ദിവസം കാട്ടിൽ, കണ്ടെത്തിയത് ഉമ്മൻ ചാണ്ടി കോളനി നിവാസികൾ; ഒടുവിൽ യുവാവിന് രക്ഷപ്പെടൽ
Mail This Article
കട്ടപ്പന ∙ ഭക്ഷണവും വെള്ളവുമില്ലാതെ നാലു ദിവസത്തോളം ഇടുക്കി വന്യജീവി സങ്കേതത്തിൽ കുടുങ്ങിയ യുവാവിനെ വനപാലകർ രക്ഷിച്ചു. കോഴിക്കോട് കല്ലായി കൊത്തിയോട്ടുപറമ്പ് ഫാത്തിമ മൻസിലിൽ ജാബിർ (30) ആണ് ഇരുട്ടുകാനം മേഖലയിൽ കുടുങ്ങിക്കിടന്നത്. കുടുംബാംഗങ്ങളോടു പിണങ്ങി വീടു വിട്ടാണ് ഇയാൾ ഇവിടെയെത്തിയതെന്നു വനപാലകർ പറഞ്ഞു.തിങ്കളാഴ്ച വൈകിട്ടോടെ കാൽവരിമൗണ്ട് വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ ഇയാൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപെടാതെ വന്യജീവി സങ്കേതത്തിന്റ ഭാഗത്തേക്ക് ഇറങ്ങുകയായിരുന്നു. ജലാശയത്തിന്റെ ഭാഗത്തെത്തിയ ഇയാൾ തിരികെ കയറവേ വഴിതെറ്റി കാട്ടിൽ കുടുങ്ങി.
പാറക്കെട്ടിലും മരങ്ങളുടെ ചുവട്ടിലുമായി 4 ദിവസത്തോളം തള്ളി നീക്കിയ ഇയാളെ കാട്ടിൽ തേൻ ശേഖരിക്കാൻ പോയ ഉമ്മൻ ചാണ്ടി കോളനി നിവാസികളായ വാഴമറ്റത്തിൽ രാജൻ, മക്കളായ സുധീഷ്, സുധി എന്നിവരാണു കണ്ടെത്തിയത്.നടക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നതിനാൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ സന്തോഷ് കെ.രാഘവനും സംഘവും ബോട്ടിൽ ഇയാളെ അഞ്ചുരുളിയിൽ എത്തിച്ചു. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ബി.സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.ജി.അനീഷ്, സനീഷ് എന്നിവർ ചേർന്ന് യുവാവിനെ ആശുപത്രിയിലേക്കു മാറ്റി.