അടിതെറ്റിയാൽ വാഹനങ്ങൾ ഡാമിൽ വീഴും; കണ്ണുതുറക്കാതെ അധികൃതർ
Mail This Article
ചെറുതോണി ∙ ഇടുക്കി നേര്യമംഗലം സംസ്ഥാന പാതയോരത്ത് ലോവർപെരിയാർ അണക്കെട്ടിന്റെ വശങ്ങളിൽ സുരക്ഷാവേലികൾ സ്ഥാപിക്കണമെന്ന് ആവശ്യം. പെരിയാറിനു കുറുകെ ലോവർ പെരിയാറിൽ നിർമിച്ചിരിക്കുന്ന അണക്കെട്ടിൽ മഴക്കാലങ്ങളിൽ ജലനിരപ്പ് ഉയരുമ്പോൾ അപകട സാധ്യത വർധിക്കുകയാണെന്നു നാട്ടുകാർ പറയുന്നു. പാതയോരത്ത് മതിൽ പോലെ കാടു വളർന്നു നിൽക്കുന്നതിനാൽ അണക്കെട്ടിലെ വെള്ളം കാണാനാവില്ല.
റോഡിനു വീതി കുറഞ്ഞ ഈ ഭാഗത്ത് കാട്ടുചെടികൾ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നതിനാൽ വാഹനങ്ങൾ ഡാമിന്റെ ഓരം ചേർന്നാണ് കടന്നു പോകുന്നത്. ഇതോടെ വഴി പരിചയമില്ലാത്ത വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യതയും ഏറെയാണ്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഡാമിനോട് ചേർന്ന് പാതയോരത്ത് ക്രാഷ് ബാരിയറുകൾ സ്ഥാപിച്ച് സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യം. എല്ലാ മഴക്കാലങ്ങളിലും ഈ ആവശ്യം ഉയരുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല.