മാട്ടുപ്പെട്ടി എക്കോ പോയിന്റിലെ ശുചിമുറികൾ തുറക്കാൻ നടപടിയില്ല
Mail This Article
മൂന്നാർ∙ മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ രണ്ടാഴ്ചയായി ശുചിമുറികൾ പൂട്ടിക്കിടക്കുന്നതുമൂലം വിനോദ സഞ്ചാരികളടക്കം ദുരിതത്തിൽ. ദേവികുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുൻപ് നിർമിച്ച ശുചിമുറി നവീകരണ പ്രവർത്തനങ്ങൾക്കായിട്ടാണ് രണ്ടാഴ്ച മുൻപ് അടച്ചത്. കെട്ടിടത്തിന്റെയും ശുചിമുറികളുടെയും നവീകരണ പ്രവർത്തനങ്ങൾക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ കെട്ടിടത്തിന്റെ മുൻഭാഗത്തുള്ള വഴിയോര കടകൾ നീക്കം ചെയ്യാതായതോടെയാണ് പണികൾ ആരംഭിക്കുന്നതിന് തടസ്സമായത്. ബോട്ടിങ്ങിനും പ്രകൃതി ഭംഗി ആസ്വദിക്കാനുമായി നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ദിവസേന എക്കോ പോയിന്റിൽ എത്തുന്നത്. ശുചിമുറി കെട്ടിടം അടച്ചതോടെ സ്ത്രീകളടക്കമുള്ളവർക്ക് നിലവിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനായി കിലോമീറ്ററുകൾ ദൂരത്തുള്ള മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിൽ എത്തേണ്ട ഗതിയാണ്. വഴിയോര കടകൾ നീക്കം ചെയ്യാത്തതിനാൽ ശുചിമുറികളുടെ നവീകരണം മാസങ്ങൾ നീളുമെന്ന ആശങ്കയിലാണ് പഞ്ചായത്തധികൃതർ.