മൂന്നാറിൽ വീണ്ടും പ്ലാസ്റ്റിക് വ്യാപകം
Mail This Article
മൂന്നാർ∙ ഒരു വർഷം മുൻപ് സർക്കാർ നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും മൂന്നാറിൽ വീണ്ടും വ്യാപകമായി. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഗ്ലാസുകൾ, പ്ലേറ്റുകൾ, സ്ട്രോകൾ തുടങ്ങിയവയുടെ വിൽപനയും ഉപയോഗവുമാണ് വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിൽ വീണ്ടും വ്യാപകമായിരിക്കുന്നത്.
പ്രകൃതിക്ക് ദോഷമാകുന്ന ഇത്തരം വസ്തുക്കൾ സർക്കാർ നിരോധിച്ചതിനെ തുടർന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് ഒരു വർഷം മുൻപ് മൂന്നാറിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധനകൾ നടത്തി പിടിച്ചെടുത്തിരുന്നു. തുടർച്ചയായ പരിശോധനകളെ തുടർന്ന് മാസങ്ങളോളം ഇവയുടെ വിൽപനയും ഉപയോഗവും മൂന്നാറിൽ നിലച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും മാസം മുൻപ് വീണ്ടും ഇവയുടെ വ്യാപാരവും ഉപയോഗവും ആരംഭിക്കുകയായിരുന്നു.
അയൽ സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന ഇവയുടെ കച്ചവടം മൂന്നാർ ടൗണിൽ വളരെ രഹസ്യമായാണ് നടക്കുന്നത്. വഴിയോര കച്ചവടക്കാർ ഉൾപ്പെടെയുള്ളവരാണ് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത്.