ഭീമൻ റോസാപ്പൂവ്; ഈ വിവാഹ സമ്മാനത്തിന് കാരിരുമ്പിന്റെ കരുത്ത്
Mail This Article
നെടുങ്കണ്ടം ∙ ഇരുമ്പിന്റെ ദൃഢതയോടെ വിവാഹ വാർഷിക സമ്മാനം നൽകി രാമക്കൽമേട് സ്വദേശി. തന്റെ പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിൽ ജീവിത പങ്കാളിക്കായി വ്യത്യസ്തമായ സമ്മാനം നൽകണമെന്ന ആശയത്തിലാണ് പ്രിൻസ് ഭുവനചന്ദ്രൻ ഇരുമ്പ് തകിടുപയോഗിച്ച് ഭീമൻ റോസാപ്പൂവ് നിർമിച്ചത്. വെൽഡിങ് തൊഴിലാളിയായ പ്രിൻസ് ഭാര്യ അറിയാതെ ഒരാഴ്ച സമയം കൊണ്ടാണ് 35 കിലോയിലധികം ഭാരവും രണ്ടരയടി വ്യാസവുമുള്ള മനോഹരമായ റോസാപ്പൂവ് നിർമിച്ചത്.
വ്യത്യസ്തമായ നിർമിതികളിലൂടെ ഇതിനു മുൻപും പ്രിൻസ് വാർത്തകളിൽ ഇടം നേടിയിരുന്നു. നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിലെ തീവണ്ടി, കപ്പൽ, വിമാനം, മുണ്ടിയെരുമ എൽപി സ്കൂളിലെ വന്ദേഭാരത്, ഹെലികോപ്റ്റർ എന്നിവയും പ്രിൻസിന്റെ സൃഷ്ടികളാണ്. ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, കലാം വേൾഡ് റെക്കോർഡ് എന്നിവയിലും ഇടം നേടിയിട്ടുണ്ട്. ഉടുമ്പൻചോല വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറാണ് ഭാര്യ രജിമോൾ. മക്കൾ: രാമക്കൽമേട് സേക്രഡ് ഹാർട്ട് വിദ്യാർഥികളായ ഭുവനചന്ദന, പ്രപഞ്ച്.