ADVERTISEMENT

തൊടുപുഴ ∙ ഡിസംബർ എത്തി, ഇനി നക്ഷത്രങ്ങൾ പൂത്തിറങ്ങുന്ന ആഘോഷരാവുകൾ. ക്രിസ്മസിന്റെ വരവറിയിച്ച് പല വർണങ്ങളിൽ, ഡിസൈനുകളിൽ വിപണിയിൽ നക്ഷത്രപ്പൂക്കാലമെത്തി. നക്ഷത്രങ്ങളും മാലബൾബുകളും അലങ്കാരങ്ങളും വാങ്ങി ക്രിസ്മസ് ആഘോഷമാക്കാൻ എത്തുന്നവരുടെ തിരക്കേറിയതോടെ വിപണിയിൽ നിറയുന്നത് പ്രതീക്ഷയുടെ തിളക്കം. വൈവിധ്യമാർന്ന എൽഇഡി, പേപ്പർ നക്ഷത്രങ്ങളാണ് വിപണിയിലെ മുഖ്യ ആകർഷണം. 1,000 രൂപ വരെയുള്ള പേപ്പർ നക്ഷത്രങ്ങൾ കടകളിൽ എത്തിയിട്ടുണ്ട്. പുൽക്കൂടുകളിൽ തൂക്കുന്ന ചെറിയ നക്ഷത്രങ്ങൾ 10 രൂപ മുതൽ ലഭ്യമാണ്. എൽഇഡി നക്ഷത്രങ്ങൾക്കു 150 മുതൽ 3,500 രൂപ വരെയാണ് വില.

ക്രിസ്മസ് രാവുകളെ വർണാഭമാക്കുന്ന എൽഇഡി മാലബൾബുകൾ 100 രൂപ മുതൽ ലഭ്യമാണ്. സാന്താക്ലോസിന്റെ വേഷവും മുഖംമൂടിയും തൊപ്പിയുമെല്ലാം കടകളിൽ എത്തിക്കഴിഞ്ഞു. ചൂരലിൽ തീർത്ത പുൽക്കൂടുകളാണ് മറ്റൊരു ആകർഷണം. 600 രൂപ മുതൽ 2000 രൂപ വരെയാണ് വില. റെഡിമെയ്ഡ് പുൽക്കൂടുകളും തയാർ. 2 അടി മുതൽ 12 അടി വരെ ഉയരമുള്ള വൈവിധ്യമാർന്ന ക്രിസ്മസ് ട്രീകളും വിൽപനയ്ക്കുണ്ട്.

150 രൂപ മുതൽ ക്രിസ്മസ് ട്രീ ലഭ്യമാണ്. പുൽക്കൂട്ടിൽ വയ്ക്കുന്ന ഉണ്ണിയേശു ഉൾപ്പെടെയുള്ള സെറ്റ് പ്രതിമകളും വിവിധ അലങ്കാര വസ്തുക്കളും ക്രിസ്മസ് കാർഡുകളും കുഞ്ഞ് സാന്താക്ലോസുമെല്ലാം വിപണിയിൽ നിരന്നുകഴിഞ്ഞു. വരും ദിവസങ്ങളിൽ ജില്ലയിലെമ്പാടും ക്രിസ്മസ് വിപണികൾ കൂടുതൽ സജീവമാകും. വൈകാതെ, ക്രിസ്മസ് കേക്കുകളുമായി ബേക്കറികളും ആഘോഷങ്ങൾക്കു മധുരം പകരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com