ADVERTISEMENT

കുമളി ∙ വിജിലൻസ് അന്വേഷണം മരവിപ്പിച്ച്, വിവാദ സ്ഥലം ഇടപാട് നിയമവിധേയമാക്കി കിട്ടാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സിപിഎം ഭരിക്കുന്ന പ‍ഞ്ചായത്തിന്റെ പ്രമേയം. പ്രമേയം പാസാക്കുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തി പ്രതിപക്ഷം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. കുമളി പഞ്ചായത്ത് വിവിധ വികസന പദ്ധതികൾക്കായി തോട്ടഭൂമി വാങ്ങിയതിൽ വലിയ ക്രമക്കേട് നടന്നതായി പരാതി ഉയർന്നതിനാൽ ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.

സ്ഥലം വാങ്ങിയതിൽ പല അപാകതകളും ഉള്ളതായി പെർഫോമൻസ് ഓഡിറ്റ് വിഭാഗവും കണ്ടെത്തിയിരുന്നു. 40 % ചെരിവുള്ള സ്ഥലം മൈതാനം നിർമിക്കാൻ വാങ്ങിയതും കമ്മിറ്റി തീരുമാനമില്ലാതെ സ്ഥലം വാങ്ങാൻ ക്വട്ടേഷൻ ക്ഷണിച്ചതും നിർമാണങ്ങൾ പാടില്ലാത്ത തോട്ടഭൂമി വാങ്ങിയതും വിവാദങ്ങൾക്ക് ഇടയാക്കി. 75 ലക്ഷം രൂപയ്ക്കു വിൽക്കാനിരുന്ന സ്ഥലം ഇടനിലക്കാർ വഴി വാങ്ങി 1.28 കോടി രൂപയ്ക്ക് പഞ്ചായത്തിനു മറിച്ചുവിറ്റതിലൂടെ ചിലർ വൻ സാമ്പത്തിക തട്ടിപ്പാണ് നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.

വളം വിതരണത്തിന്റെ മറവിൽ കൃഷിഭവനിൽ നടന്ന സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോൾ അതു യുഡിഎഫ് ഭരണകാലത്ത് നടന്നതാണ് എന്ന മറുപടി പറഞ്ഞ് തലയൂരാനാണ് നിലവിലുള്ള ഭരണസമിതി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ഈ ഭരണസമിതി അധികാരത്തിൽ വന്ന ശേഷം നടപ്പാക്കിയ വെർജിൻ പൂച്ചട്ടികളിൽ പച്ചക്കറിത്തൈ വിതരണം മുതൽ എല്ലാ ഇടപാടുകളിലും സാമ്പത്തിക തട്ടിപ്പാണ് നടക്കുന്നത്. ഇപ്പോൾ ഒരു കോടി രൂപയ്ക്കു മുകളിൽ ജൈവവളം വിതരണം ചെയ്യാൻ ടെൻഡർ ഇല്ലാതെ ഇടപാട് ഉറപ്പിക്കാനാണ് നീക്കം.

ടെൻഡർ ആവശ്യമായി വന്നാൽ പഞ്ചായത്തിന്റെ പരിധിക്കുള്ളിലെ അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡർ വിളിക്കാം എന്ന ക്ലോസ് ചേർത്തിട്ടുണ്ട്. സിപിഎം ഭരണത്തിലുള്ള സഹകരണ സംഘവുമായി കച്ചവടം ഉറപ്പിക്കാനുള്ള രഹസ്യ അജൻഡയാണ് ഇതിനു പിന്നിൽ ഉള്ളതെന്നും പ്രതിപക്ഷ അംഗങ്ങളായ റോബിൻ കാരയ്ക്കാട്ട്, ഷൈലജ ഹൈദ്രോസ്, മണിമേഘല എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com