മത്സരാർഥിയുടെ അമ്മയിൽനിന്നും അധ്യാപികയിൽനിന്നും മാപ്പപേക്ഷ എഴുതി വാങ്ങി; ഭീഷണിപ്പെടുത്തി എഴുതിച്ചെന്ന് പരാതി
Mail This Article
കട്ടപ്പന ∙ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ട മത്സരത്തിൽ ഒരു നൃത്താധ്യാപകന്റെ ശിഷ്യർക്കു മാത്രം ഒന്നും രണ്ടും സ്ഥാനം നൽകുന്നെന്ന് ആരോപിച്ച് ബഹളവും വിധികർത്താക്കൾക്കെതിരെ കയ്യേറ്റ ശ്രമവും. തുടർന്ന് രണ്ടു മണിക്കൂർ മത്സരം നിർത്തിവച്ചു. വിധികർത്താക്കളുടെ സമ്മർദത്താൽ, മത്സരാർഥിയായ വിദ്യാർഥിനിക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തി അമ്മയിൽ നിന്നും അധ്യാപികയിൽ നിന്നും മാപ്പപേക്ഷ എഴുതി വാങ്ങിയതിനു ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
പ്രധാന വേദിയിൽ രാവിലെ മോഹിനിയാട്ടത്തിൽ യുപി വിഭാഗം വിധി വന്നപ്പോൾ മുതൽ എതിർപ്പുകൾ ഉയർന്നു തുടങ്ങിയിരുന്നു. എച്ച്എസ് വിഭാഗം മത്സരം ആരംഭിക്കുന്നതിനു മുൻപ്, ആരോപണവിധേയനായ നൃത്താധ്യാപകന്റെ ശിഷ്യർക്ക് ആദ്യ സ്ഥാനം ലഭിക്കുമെന്ന് ചില മാതാപിതാക്കൾ ആരോപിക്കുകയും ഫലം വന്നപ്പോൾ അതേ രീതിയിലാകുകയും ചെയ്തു. ഇതോടെ ഒരു മത്സരാർഥിയുടെ സഹോദരൻ വിധികർത്താക്കൾക്കെതിരെ തിരിയുകയും സംഘാടകരും പൊലീസും ഇടപെട്ട് പിടിച്ചുമാറ്റുകയും ചെയ്തു. പ്രശ്നം രൂക്ഷമായപ്പോൾ മൂന്നു മണിയോടെ മത്സരം നിർത്തിവച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടർ ആർ.വിജയയുടെ നേതൃത്വത്തിൽ വിധികർത്താക്കൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി. തുടർന്നായിരുന്നു മത്സരത്തിൽ നിന്നു വിലക്കുമെന്ന് ഭീഷണിയുണ്ടായതെന്ന് രക്ഷാകർത്താക്കൾ ആരോപിച്ചു. വിധികർത്താക്കൾക്കെതിരെ കയ്യേറ്റശ്രമം ഉണ്ടായാൽ നടപടിയെടുക്കുമെന്ന് ആർ.വിജയ വേദിയിൽ അറിയിച്ച ശേഷമാണ് ഇവർ വിധി നിർണയിക്കാൻ തയാറായത്. മാപ്പപേക്ഷ നൽകിയ ശേഷമാണ് ഈ വിദ്യാർഥിനിക്ക് കേരളനടനത്തിൽ മത്സരിക്കാനായത്. എന്നാൽ കാര്യങ്ങൾ വിശദമാക്കിയ ശേഷമാണ് മാപ്പപേക്ഷ എഴുതി നൽകാൻ രക്ഷിതാവും അധ്യാപികയും തയാറായതെന്നും ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയതല്ലെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ പറഞ്ഞു.