‘നിങ്ങൾ മനസ്സ് തുറക്കൂ, ഞങ്ങൾ അത് കേക്കിൽ പകർത്താം’; താരങ്ങളായി കസ്റ്റമൈസ്ഡ് ഫോൻഡന്റ് കേക്ക്
Mail This Article
തൊടുപുഴ ∙ മനസ്സിലെ ക്രിസ്മസ് ചിത്രങ്ങൾ കേക്കിന്റെ രൂപത്തിൽ കൺമുന്നിലെത്തുകയാണ് ഈ ക്രിസ്മസ് കാലത്ത്. നമ്മുടെ ക്രിസ്മസ് സങ്കൽപങ്ങൾ പറയുകയേ വേണ്ടൂ, അതേപടി കേക്കിലേക്ക് പകർത്താൻ തയാറായി നിൽക്കുകയാണ് ‘ഷെഫ് ആർട്ടിസ്റ്റു’കൾ. ഫോൻഡന്റ് കേക്ക് എന്നറിയപ്പെടുന്ന കസ്റ്റമൈസ്ഡ് കേക്കുകളാണ് ഇപ്പോൾ ഇടുക്കിയിലും ട്രെൻഡ്.
കണ്ടും കഴിച്ചും പരിചയിച്ച ഫ്രെഷ് ക്രീം കേക്കുകളിൽ നിന്ന് വ്യത്യസ്തമായി, സാധാരണ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ ഏതു രൂപത്തിലും നിർമിക്കുകയും ചെയ്യാം. ഫോൻഡന്റ് കേക്കുകൾ മിക്ക കേക്ക് നിർമാണ സ്ഥാപനങ്ങളും നിർമിക്കാറുണ്ടെങ്കിലും ‘ഷെഫ് ആർട്ടിസ്റ്റി’ന്റെ ഭാവനയാണ് ഓരോന്നിനെയും വ്യത്യസ്തമാക്കുന്നത്. അതിനാൽ ഏറ്റവും മനോഹരമായ കേക്കുകൾ നിർമിക്കണമെന്ന മത്സരബുദ്ധിയോടെയാണ് ഓരോരുത്തരും കേക്കുകൾ മെനയുന്നത്. ആവശ്യമനുസരിച്ച്, 5000 മുതൽ മുകളിലേക്ക് വില ഉയരും.
ഓരോ നിറപാളിക്കും ഓരോ സ്വാദുള്ള റെയിൻബോ കേക്കാണ് ഫ്രെഷ് ക്രീം കേക്കിൽ വ്യത്യസ്തൻ. 650 മുതൽ 2500 വരെയാണ് ഫ്രെഷ് ക്രീം കേക്കുകളുടെ വില. ഓർഡർ ചെയ്ത് അര മണിക്കൂറിനുള്ളിൽ ഇവ ലഭിക്കുമെന്നതാണ് പ്രത്യേകത. യൂറോപ്യൻ നാടുകളിൽ ട്രെൻഡ് ആയ ക്രിസ്മസ് ലോഗുകളാണ് കേക്ക് വിപണിയിലെ മറ്റൊരു പുതുമ. തടിക്കഷണത്തിന്റെ ആകൃതിയിൽ രൂപകൽപന ചെയ്തിരിക്കുന്ന ഇവ രുചിയിലും ഭംഗിയിലും കേമനാണ്.
റിച്ച് പ്ലം, പൈനാപ്പിൾ, ഡേറ്റ്സ് ആൻഡ് കാരറ്റ് കേക്ക്, ഗീ കേക്ക് എന്നിങ്ങനെ സ്വാദിലും രൂപത്തിലും വ്യത്യസ്തത പുലർത്തുന്ന കേക്കുകളാണ് ഈ ക്രിസ്മസിന് മധുരം പകരുന്നത്.
ഫ്രെഷ് ക്രീം കേക്ക് താരങ്ങൾ
ബ്ലൂബെറി, മാജിക് വെൽവെറ്റ്, സ്പാനിഷ് ഡിലൈറ്റ്, ചോക്കോ ഫോറസ്റ്റ്, റെയിൻബോ, ബട്ടർ സ്കോച്ച്, മാംഗോ ഡിലൈറ്റ്, ചോക്കോ ഹണി, മലായ് കുൽഫി, കാരമൽ, റെഡ് ബീ, വാൻചോ, ഫഡ്ജ് നട്ട് എന്നിങ്ങനെ ഏതാണ്ട് 260 തരം ഫ്രഷ് ക്രീം കേക്കുകളാണ് വിപണിയിലുള്ളത്.