വണ്ണപ്പുറത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 300 രോഗികൾക്ക് 2 ഡോക്ടർമാർ!
Mail This Article
വണ്ണപ്പുറം∙ വണ്ണപ്പുറം പഞ്ചായത്ത് ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആകെയുള്ളത് 2 ഡോക്ടർമാർ മാത്രം. നൂറു കണക്കിനു രോഗികളാണ് ദിനം പ്രതി ഇവിടെ ചികിത്സ തേടി എത്തുന്നത്. ഈ ആരോഗ്യ കേന്ദ്രത്തിൽ ഒപിയിൽ ഏകദേശം മുന്നൂറോളം രോഗികളാണ് ദിനംപ്രതി എത്താറുള്ളത്. കുടിയേറ്റ മേഖല പ്രദേശങ്ങളായ മുള്ളരിങ്ങാട്, പട്ടയക്കുടി, വെൺമണി, കള്ളിപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ളവരാണ് ഇവിടെ ചികിത്സ തേടി വരുന്നതിൽ ഭൂരിഭാഗവും.
ഇവർ പല പല വാഹനങ്ങളിൽ കയറി ഇറങ്ങിയാണ് ഈ ആരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്. മുൻ കാലങ്ങളിൽ ഈ ആരോഗ്യ കേന്ദ്രത്തിൽ മൂന്നും നാലും ഡോക്ടർമാരുടെ സേവനം രോഗികൾക്ക് ലഭിക്കാറുണ്ടായിരുന്നു. അപ്പോൾ രോഗികൾക്ക് ഡോക്ടറെ കണ്ട് മരുന്നും വാങ്ങി നേരത്തെ വീടുകളിൽ എത്താൻ സാധിക്കുമായിരുന്നു. കൂടാതെ ഫാർമിസ്റ്റുകളുടെ എണ്ണവും വളരെ കുറവാണ് ഇവിടെ.
ഇവിടെ എത്തുന്ന രോഗികളിൽ ഭൂരിഭാഗവും ബിപിഎൽ കാർഡ് ഉടമകളാണ്. വണ്ണപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തിയാൽ ഇവിടെ കൂടുതൽ ഡോക്ടർമാരുടെയും മറ്റ് സ്റ്റാഫുകളുടേയും സേവനം ലഭ്യമാകും.
കഴിഞ്ഞ നവംബറിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. അടിയന്തരമായി അധികാരികളുടെ ഭാഗത്തുനിന്ന് ഈ ആരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.