ബ്രാൻഡാണ്, ഷൈജു; യുവാക്കൾക്ക് മാതൃകയാക്കാവുന്ന സംരംഭകനും...
Mail This Article
തൊടുപുഴ∙ പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങൾ തയാറാക്കിയപ്പോഴൊന്നും ഷൈജു ചിന്തിച്ചിരുന്നില്ല ഒരിക്കൽ താനും ബ്രാൻഡഡ് ആകുമെന്ന്. പക്ഷേ, ഏതാനും വർഷത്തിനുള്ളിൽ തന്നെ, ഏതു യുവാക്കൾക്കും മാതൃകയാക്കാവുന്ന സംരംഭകനായി തെക്കുംഭാഗം കല്ലക്കുളം ഷൈജു തോമസ് എന്ന യുവാവ് വളർന്നു.
പരസ്യ ചിത്രനിർമാണത്തിനിടെ തൊടുപുഴയിലെ ഭക്ഷ്യോൽപന്ന കമ്പനിയുടെ പരസ്യം ചെയ്തതാണ് ഷൈജുവിനെ മാറ്റിച്ചിന്തിപ്പിച്ചത്. കോവിഡിന്റെ വരവോടെ എല്ലാ മേഖലകളിലും നേരിട്ട മാന്ദ്യം പരസ്യമേഖലയെയും ബാധിച്ചു. മുൻപ് മനസ്സിൽ കയറിക്കൂടിയിരുന്ന ഭക്ഷ്യോൽപന്ന നിർമാണ യൂണിറ്റ് എന്ന ആശയം ശക്തിപ്രാപിച്ചത് ആ സമയത്താണ്.
സുഹൃത്തുക്കളായ ടീന ജൂബിയോടും ശ്രീജുവിനോടും കൂടിയാലോചിച്ചതോടെ ഏഷ്യൻ ഗ്രെയ്ൻസ് എന്ന കമ്പനി രൂപം കൊണ്ടു. ജില്ലാ വ്യവസായ വകുപ്പിന്റെ മികച്ച സ്ഥാപനത്തിനുള്ള പുരസ്കാരം, കേരള സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷന്റെ ജില്ലാ പുരസ്കാരം തുടങ്ങിയവ ഷൈജുവും സുഹൃത്തുക്കളും സ്വന്തമാക്കി. 25 പേർക്ക് തൊഴിൽ ദാതാവായി വളർച്ചയുടെ പാതയിലാണ് ഇവർ.
തൊഴിൽ നൈപുണ്യം നേടാൻ സ്കിൽ ഡവലപ്മെന്റ് സെന്റർ
ജില്ലയിലെ ആദ്യ സ്കിൽ ഡവലപ്മെന്റ് സെന്റർ (നൈപുണി വികസനകേന്ദ്രം) തൊടുപുഴ ജിവിഎച്ച്എസ്എസിൽ ഒരുങ്ങുന്നു. വിദ്യാലയങ്ങളിൽനിന്നു കൊഴിഞ്ഞു പോയവർ, തുടർപഠനം നഷ്ടപ്പെട്ടവർ, ഹയർ സെക്കൻഡറി - വിഎച്ച്എസ്‌ഇ പഠിക്കുന്നവർ എന്നിവർക്കാണ് സെന്ററിൽ പരിശീലനത്തിന് അവസരം. പ്രായപരിധി 15 മുതൽ 23 വരെ. പരിശീലനം സൗജന്യമായിരിക്കും. 25 കുട്ടികൾ വീതമുള്ള2 ബാച്ചുകൾ ഉണ്ടായിരിക്കും.
സ്കൂൾ അവധി ദിവസങ്ങളിൽ ഈ കോഴ്സുകളിൽ വിദഗ്ധ പരിശീലനം നൽകി ഇതിലൂടെ അവരെ സ്ഥിര വരുമാനത്തിന് പ്രാപ്തമാക്കുകയാണ് ലക്ഷ്യം. വിദ്യാർഥികളുടെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് ഇതു പ്രവർത്തിക്കുന്നത്. പ്രാക്ടിക്കൽ ലാബുകളടക്കം പ്രയോജനപ്പെടുത്തും. ഫിറ്റ്നസ് ട്രെയ്നർ, ഡ്രോൺ സർവീസ് ടെക്നിഷ്യൻ എന്നീ രണ്ടു കോഴ്സുകളിലാണ് തൊടുപുഴയിൽ പരിശീലനം. ചേരാൻ ആഗ്രഹിക്കുന്നവർ സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗവുമായി ബന്ധപ്പെടുക. 9946340856.
ദേശീയ യുവജന വാരാഘോഷം:ജില്ലാതല ഉദ്ഘാടനം ഇന്ന്
ദേശീയ യുവജനദിനം സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന് രാജ്യമൊട്ടാകെ വിപുലമായ പരിപാടികളോടെ ആചരിക്കുകയാണ്. ജില്ലാതല യുവജന ദിനവും വാരാഘോഷവും ഇന്ന് രാവിലെ തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ നടത്തുന്ന സമ്മേളനത്തിൽ പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഇടുക്കി നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽജില്ലാ യൂത്ത് ക്ലബ്ബിന്റെയും തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സന്ദേശത്തിന്റെ വിഡിയോ അവതരണം, വിവിധ കലാപരിപാടികൾ എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.