മകരവിളക്ക് ഇന്ന്; ദർശനപുണ്യം തേടി പോകാം, ഇവിടങ്ങളിലേക്ക്
Mail This Article
തൊടുപുഴ ∙ ഭക്തലക്ഷങ്ങൾ ദർശനപുണ്യം കൊതിക്കുന്ന മകരവിളക്ക് ഇന്ന്. ഇടുക്കി ജില്ലയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് മകരജ്യോതി ദർശിക്കാൻ കഴിയുക. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ ഭക്തർ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇവിടങ്ങളിലെല്ലാം ഒരുക്കങ്ങൾ പൂർത്തിയായി.
പുല്ലുമേട്
കോട്ടയം – കുമളി റൂട്ടിൽ വണ്ടിപ്പെരിയാറിൽ നിന്നു വള്ളക്കടവ്, കോഴിക്കാനം വഴിയും വണ്ടിപ്പെരിയാർ സത്രം വഴിയും പുല്ലുമേട്ടിലെത്താം. കുമളിയിൽ നിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടിൽ കെഎസ്ആർടിസി ബസുകൾ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമാകും സർവീസ് നടത്തുക. 65 സർവീസുകളാണ് നിലവിൽ സജ്ജമാക്കിയിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ എത്തിക്കും. വള്ളക്കടവ് ചെക്പോസ്റ്റ് വഴി ഉച്ചയ്ക്ക് 2 മണിവരെ മാത്രമേ ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. ശബരിമലയിൽനിന്നു പുല്ലുമേട്ടിലേക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്കു 2 വരെ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. മകരജ്യോതി കണ്ടു കഴിഞ്ഞ ശേഷം തിരികെ ശബരിമലയിലേക്കു പോകാൻ അനുവദിക്കില്ല. പുല്ലുമേട്ടിൽ നിന്നു മടങ്ങുന്നവർക്ക് കോഴിക്കാനത്തെത്തിയാൽ അവിടെ നിന്നു കെഎസ്ആർടിസി ബസ് സൗകര്യമുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് കർപ്പൂരം കത്തിക്കുന്നതടക്കമുള്ള കാര്യങ്ങൾ പുല്ലുമേട്ടിൽ ഒഴിവാക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. പ്ലാസ്റ്റിക്, നിരോധിത വസ്തുക്കൾ തുടങ്ങിയവ അനുവദിക്കില്ല.
പരുന്തുംപാറ
കോട്ടയം – കുമളി റൂട്ടിൽ പീരുമേട് കല്ലാർ കവലയിൽ നിന്നു തിരിഞ്ഞാൽ പരുന്തുംപാറയിലെത്താം. കല്ലാർ കവലയിൽ നിന്നു 3 കിലോമീറ്റർ ദൂരം. പീരുമേട് കല്ലാർ കവലയിൽ കമാനം സ്ഥാപിച്ചു. പരുന്തുംപാറയിലേക്ക് എത്തുന്ന പാതയുടെ ഇരുവശങ്ങളും തെളിക്കുകയും കുഴികൾ മണ്ണിട്ട് നികത്തുകയും ചെയ്തു. വഴിവിളക്കുകൾ പ്രവർത്തനസജ്ജമാക്കുകയും കൂടുതൽ വഴിവിളക്കുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
പാഞ്ചാലിമേട്
കോട്ടയം – കുമളി റൂട്ടിൽ കുട്ടിക്കാനത്തിനും പെരുവന്താനത്തിനും ഇടയിലുള്ള മുറിഞ്ഞപുഴയിൽ നിന്നു തിരിഞ്ഞ് പാഞ്ചാലിമേട്ടിലെത്താം. മുറിഞ്ഞപുഴയിൽ നിന്നു 4 കിലോമീറ്റർ ദൂരം.