ഇങ്ങനെ പോയാൽ മെഡിക്കൽ കോളജിനകത്തും കാടുകയറും
Mail This Article
ചെറുതോണി∙ ഇടുക്കി മെഡിക്കൽ കോളജിന്റെയും ആശുപത്രിയുടെയും പരിസരം കാടുമൂടി. പഴയ ജില്ലാ ആശുപത്രിക്കു പിറകിലും നിർമാണം പൂർത്തിയാക്കിയ പുതിയ ബ്ലോക്കിന്റെ പരിസരത്തും ഹോസ്റ്റലുകൾ, പ്രിൻസിപ്പൽ ഓഫിസ്, അനുബന്ധ ഓഫിസുകൾ എന്നിവയുടെ ചുറ്റുവട്ടത്തുമാണു കാടുപടലങ്ങൾ തഴച്ചുവളരുന്നത്. വെള്ളാപ്പാറ ഫോറസ്റ്റ് ഡിവിഷനോടു ചേർന്നുകിടക്കുന്ന ഇവിടെ വന്യജീവികളുടെയും ഇഴജന്തുക്കളുടെയും സാന്നിധ്യം ഏറെയാണ്. ഇതോടെ ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിലാണ്.
രോഗികളുടെ കൂട്ടിരിപ്പുകാർ രാത്രികാലങ്ങളിൽ ഭക്ഷണത്തിനും മരുന്നിനുമൊക്കെയായി പുറത്തിറങ്ങുമ്പോൾ ഇഴജന്തുക്കളെ പതിവായി കാണുന്നതായി പരാതിയുണ്ട്. പരിസര ശുചീകരണത്തിനു കരാർ എടുത്തവരുടെ അനാസ്ഥയാണ് ഈ സ്ഥിതിക്ക് കാരണമെന്നു പറയുന്നു. ആശുപത്രിയും പരിസരവും കാടു വെട്ടിത്തെളിച്ച് ശുചിത്വമുള്ളതായി സംരക്ഷിക്കുന്നതിന് അധികൃതർ ശ്രദ്ധ പുലർത്തണമെന്നാണ് ആവശ്യം.