സുരക്ഷാ ഭീഷണി; മാട്ടുപ്പെട്ടി ഡാമിനു മുകളിലൂടെ ഗതാഗതം നിയന്ത്രിക്കാൻ നീക്കം
Mail This Article
മൂന്നാർ ∙ മാട്ടുപ്പെട്ടി ഡാമിനു മുകൾ ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കാൻ ആലോചന. സ്ഥിരമായി ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഡാമിനു മുകളിലൂടെ ഇടതടവില്ലാതെ കടന്നുപോകുന്നത് ഡാമിന്റെ സുരക്ഷയെ ബാധിക്കുന്നു എന്ന കണ്ടെത്തലിലാണ് വൈദ്യുതി വകുപ്പ് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിടാൻ ആലോചന തുടങ്ങിയത്.
ഡാമിന് 300 മീറ്റർ ദൂരത്തുള്ള മാട്ടുപ്പെട്ടി തേയില ഫാക്ടറിക്ക് സമീപമുള്ള റോഡ് വഴി ചുറ്റി പഞ്ചായത്ത് ഓഫിസ് പരിസരത്ത് എത്തുന്ന വിധത്തിൽ വാഹനങ്ങൾ കടത്തിവിടുന്നത് സംബന്ധിച്ചാണ് ഉദ്യോഗസ്ഥർ സാധ്യത പഠനം നടത്തിയിരിക്കുന്നത്. ഡാമിനു സമീപത്തുള്ള വൈദ്യുതി വകുപ്പിന്റെ പുതിയ കെട്ടിടങ്ങൾക്ക് ഉൾപ്പെടെ പതിവായി വിള്ളൽ ഉണ്ടാകുന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, ഭാരവാഹനങ്ങൾ കടന്നു പോകുന്നതാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്ന നിഗമനത്തിലെത്തിയിരുന്നു.
ഗതാഗതം തിരിച്ചുവിടേണ്ട വഴി വൈദ്യുതി വകുപ്പിന്റെ ഭൂമിയിൽക്കൂടി കുറച്ചു ദൂരം മാത്രമാണ് കടന്നുപോകുന്നത്. ബാക്കി സ്വകാര്യ കമ്പനിയുടെ റോഡാണ്. ഇതു വഴി വാഹനങ്ങൾ കടത്തിവിടുന്നതിന് കമ്പനിയുടെ അനുമതി വേണം. ഇക്കാര്യത്തിൽ ഉന്നതതല ചർച്ചകൾ നടത്തി തീരുമാനമെടുക്കാനാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.
വട്ടവട, ടോപ് സ്റ്റേഷൻ, കുണ്ടള മേഖലകളിൽ നിന്നുളള തടി ലോറികൾ, ചരക്കു വാഹനങ്ങൾ, വിനോദ സഞ്ചാരികളുമായെത്തുന്ന വാഹനങ്ങൾ തുടങ്ങി ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഡാമിനു മുകളിൽ കൂടി കടന്നുപോകുന്നത്. 1953ലാണ് മാട്ടുപ്പെട്ടി ഡാം നിർമിച്ചത്. 3.24 ചതുരശ്ര കിലോമീറ്റർ ചുറ്റളവാണ് ഡാമിനുള്ളത്. ഡാമിൽ നിന്നുള്ള വെള്ളമുപയോഗിച്ച് 2 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്.