റിപ്പബ്ലിക് പരേഡിൽ ഇടുക്കിയുടെ മിടുക്കികളും
Mail This Article
പീരുമേട്∙ ഇന്ന് രാജ്യ തലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് പരേഡിൽ അണിനിരക്കുന്നവരിൽ ഇടുക്കിയുടെ മിടുക്കികളും. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സായ (സിഎപിഎഫ്) സശസ്ത്ര സീമ ബല്ലിനെ (എസ്എസ്ബി) പ്രതിനിധികരിച്ചു പരേഡിൽ പങ്കെടുക്കുന്ന 10 മലയാളി വനിതകളിൽ 2 പേർ ഇടുക്കിയുടെ ചുണക്കുട്ടികൾ.
ഭൂട്ടാൻ, നേപ്പാൾ ബോർഡറിൽ രാജ്യം സേവനം നടത്തുന്ന ഇടുക്കി പെരുവന്താനം നിർമലഗിരി പാലുക്കുന്നേൽ ജോസ്–മിനി ദമ്പതികളുടെ മകൾ ആഷ്ന, കട്ടപ്പന വെള്ളയാംകുടി പുത്തൻപുരയ്ക്കൽ ബാബു–ലളിത ദമ്പതികളുടെ മകൾ അമലു എന്നിവരാണ് ഇടുക്കിയുടെ അഭിമാന നായികമാർ. കഴിഞ്ഞ 2 മാസമായി ഇവർ ഡൽഹിയിൽ പരേഡിനു മുന്നോടിയായി പരിശീലന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ സിന്ധ്യ, ആതിര, അഞ്ചു, ഗീതു, കൊല്ലം സ്വദേശി നന്ദന, പാലക്കാട് സ്വദേശികളായ വിജയലക്ഷ്മി, അഞ്ചു, കണ്ണൂർ സ്വദേശി ആദിത്യ എന്നിവരാണ് എസ്എസ്ബിയുടെ ഭാഗമായി പരേഡിൽ പങ്കെടുക്കുന്ന മറ്റുള്ളവർ.