അതിർത്തി കടന്ന് തണ്ണിമത്തൻ എത്തിത്തുടങ്ങി; കേരളത്തിന് പ്രിയം ചുവന്ന നിറത്തിലുള്ള കായ്കൾ
Mail This Article
മറയൂർ ∙ വേനൽ വരവറിയിച്ചതോടെ തമിഴ്നാട്ടിലെയും കർണാടകത്തിലെയും തണ്ണിമത്തൻ പാടങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചു. തമിഴ്നാട് അതിർത്തി കടന്ന് കേരളത്തിലും കഴിഞ്ഞ ആഴ്ച മുതൽ തണ്ണിമത്തൻ എത്തിത്തുടങ്ങി. ഒരു കിലോ തണ്ണിമത്തൻ വില 20 – 30 രൂപയാണ്. തമിഴ്നാട്ടിലെ പ്രധാന വേനൽ വിളയായി മാറിയിരിക്കുകയാണ് തണ്ണിമത്തൻ. ഇതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ കേരളീയരായിരുന്നെങ്കിൽ കഴിഞ്ഞ വർഷം മുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തണ്ണിമത്തൻ ആവശ്യപ്പെട്ട് ഒട്ടേറെ വ്യാപാരികൾ സമീപിക്കുന്നുണ്ടെന്ന് തമിഴ്നാട്ടിലെ കർഷകർ പറയുന്നു.
മധുരയ്ക്ക് സമീപത്തുള്ള ലിഗവാടി, മാണിക്കംപെട്ടി, നിലകോട്ടൈ, ഊത്തുപെട്ടി, രാമരാജപുരം എന്നിവിടങ്ങളിലാണ് വ്യാപകമായി തണ്ണിമത്തൻ കൃഷി ചെയ്തുവരുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് വിളവെടുപ്പ്. കേരളത്തിനു പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആവശ്യക്കാർ ഏറിയതോടെ മികച്ച വിലയാണ് കർഷകർക്ക് ലഭിക്കുന്നത്. കിലോഗ്രാമിന് 5 രൂപ മുതൽ 10 രൂപ വരെയാണ് മുൻ വർഷങ്ങളിൽ ലഭിച്ചതെങ്കിൽ ഇപ്പോൾ 10 മുതൽ 15 രൂപ വരെ കർഷകർക്കു ലഭിക്കുന്ന സാഹചര്യമുണ്ട്.
തമിഴ്നാട്ടിൽ ഹെക്ടർ കണക്കിനു വരുന്ന തോട്ടങ്ങൾ മൊത്തമായി വില പറഞ്ഞ് ഉടമകളിൽ നിന്നു വ്യാപാരികൾ വാങ്ങുകയാണ് ചെയ്യുന്നത്. വിളവെടുക്കുന്നതും വിൽപന നടത്തുന്നതും വ്യാപാരികളാണ്. കട്ടിയേറിയ തോടിനുള്ളിൽ ചുവപ്പും മഞ്ഞയും നിറമുള്ള കായ്കൾ ഉണ്ടെങ്കിലും കേരളത്തിലേക്കു ചുവന്ന നിറത്തോടു കൂടിയവയാണ് കൂടുതലായി എത്താറുള്ളത്.