ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ അവർ നടന്നു, കുടുംബജീവിതത്തിലേക്ക്
Mail This Article
അടിമാലി ∙ നാവിക ബഹുമതികളോടെ അടിമാലിയിൽ ഒരു നേവി കല്യാണം. വിവാഹച്ചടങ്ങിന് എത്തിയവർ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് പുതു കാഴ്ച ആസ്വദിച്ചു. വിശാഖപട്ടണം നേവൽ ബേസിൽ ലഫ്റ്റനന്റ് കമാൻഡറായ അടിമാലി കുഴിമറ്റം കെ.ഡി.ജോർജ് – ലിസി ദമ്പതികളുടെ മകൻ ലഫ്റ്റനന്റ് കമാൻഡർ മിറോണിന്റെയും പള്ളിക്കത്തോട് ആന്റണി – മോനി ദമ്പതികളുടെ മകൾ അക്ഷയയുടെയും വിവാഹമാണ് നാവിക ബഹുമതികൾ കൊണ്ട് ശ്രദ്ധേയമായത്.
സെന്റ് ജൂഡ് ടൗൺ പള്ളിയിലാണ് വിവാഹം നടന്നത്. പള്ളിയിൽ നിന്നു പുറത്തേക്ക് എത്തിയതോടെ അനുബന്ധ ചടങ്ങുകൾ ആരംഭിച്ചു. ഇരു വശങ്ങളിലും വാളുകളുമായി 6 വീതം നേവി ഉദ്യോഗസ്ഥർ നിലയുറപ്പിച്ചു. വധൂവരന്മാർക്ക് വാൾ കൊണ്ട് ഇവർ സല്യൂട്ട് ഒരുക്കി. തുടർന്ന് വാൾ ഉപയോഗിച്ച് മാർഗതടസ്സം സൃഷ്ടിച്ചു.
അതുവഴി കടന്നു പോകണമെങ്കിൽ അവർ പറയുന്ന കാര്യങ്ങൾ ചെയ്തുകാണിക്കണമെന്നായി. ഇങ്ങനെ ആറാമത്തെ കടമ്പയിൽ എത്തിയപ്പോൾ വധുവിനെ എടുത്ത് പുറത്തേക്കു പോകാനായിരുന്നു നിർദേശം. വിരുന്നിനിടെ 2 മണിക്കൂറോളം നീണ്ടുനിൽക്കുന്ന നേവി ബാൻഡ് ട്രൂപ്പിന്റെ സംഗീതമേളമുണ്ടായിരുന്നു.