പൂപ്പാറയിലെ അനധികൃത നിർമാണം: ഒഴിപ്പിക്കാനെത്തിയ റവന്യു സംഘത്തിനെതിരെ കനത്ത ചെറുത്തുനിൽപ്പ്
Mail This Article
പൂപ്പാറ ∙ ‘കയ്യേറ്റക്കാരല്ല ഞങ്ങൾ കുടിയേറ്റക്കാർ’ എന്ന മുദ്രാവാക്യവുമായി പൂപ്പാറയിലെ വ്യാപാരികൾ തങ്ങളുടെ ഉപജീവനമാർഗം ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെയും പൊലീസിനെയും നേരിട്ടു. രാവിലെ ഒഴിപ്പിക്കൽ നടപടി ഉണ്ടാവുമെന്ന് തലേന്നു രാത്രിതന്നെ കിട്ടിയ വിവരമനുസരിച്ച് പുലർച്ചെ തന്നെ എല്ലാ വ്യാപാരികളും കടകളിലെത്തിയിരുന്നു.
കനത്ത പ്രതിരോധമൊരുക്കി ഒഴിപ്പിക്കൽ ഏതു വിധേനെയും തടയണമെന്നായിരുന്നു എല്ലാവരുടെയും ലക്ഷ്യം. രാവിലെ 7 നു പൂപ്പാറ ഉൾപ്പെടുന്ന ശാന്തൻപാറ പഞ്ചായത്തിലെ 4, 11, 13 വാർഡുകളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പത്തുമണിയോടെ നൂറോളം പൊലീസുകാരും ടൗണിലെത്തി. പിന്നാലെയാണ് റവന്യു ഉദ്യോഗസ്ഥരും സബ് കലക്ടറും എത്തിയത്.
ഇടുക്കി സബ് കലക്ടർ അരുൺ എസ്.നായർ, ഭൂരേഖ തഹസിൽദാർ സീമ ജോസഫ്, തഹസിൽദാർ എ.വി.ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു സംഘമാണ് ഒഴിപ്പിക്കൽ നടപടികൾ എടുത്തത്. മൂന്നാർ ഡിവൈഎസ്പി അലക്സ് ബേബി, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി മധു ബാബു എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ നിന്നായി നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
ഒഴിപ്പിക്കൽ നടപടികളാരംഭിക്കും മുൻപ് അടിയന്തിര സാഹചര്യം നേരിടാൻ മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റും ഇവിടെയെത്തിയിരുന്നു. പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്യും എന്ന ഭീഷണിയെ തുടർന്ന് തീയണയ്ക്കാനുള്ള ഉപകരണങ്ങളും അധികൃതർ എത്തിച്ചിരുന്നു.
അധികൃതർ കടകളിൽ കയറി നോട്ടിസ് പതിപ്പിച്ചതോടെ പ്രതിഷേധം അണപൊട്ടി. ഇതോടെ പൊലീസ് രംഗത്തിറങ്ങി പ്രതിഷേധക്കാരെ വഴിച്ചിഴച്ച് അറസ്റ്റു ചെയ്ത് നീക്കി. ഡീസൽ കുപ്പിയുമായി പ്രതിഷേധിച്ചയാളുടെ കയ്യിൽ നിന്ന് പൊലീസ് കുപ്പി തട്ടിപ്പറിച്ച് മാറ്റി. നേതാക്കളെ അറസ്റ്റുചെയ്ത് മാറ്റിയതോടെ പ്രതിഷേധം കെട്ടടങ്ങുകയും അധികൃതർ ഒഴിപ്പിക്കൽ പൂർത്തിയാക്കി മടങ്ങുകയുമായിരുന്നു.
എവിടെ നേതാക്കൻമാർ?
ഒഴിപ്പിക്കൽ നടപടികളുമായി റവന്യു സംഘം പൂപ്പാറയിൽ എത്തിയതോടെ ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കുമെതിരെ വ്യാപാരികൾ പ്രതിഷേധിച്ചു. എംപിയും എംഎൽഎയും എവിടെയാണെന്നും വോട്ട് ചെയ്ത ജനങ്ങളെ തെരുവിലിറക്കിയപ്പോൾ തിരിഞ്ഞു നോക്കാത്ത നേതാക്കളെ ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി. ഇനി രാഷ്ട്രീയക്കാർക്ക് പിരിവ് നൽകില്ലെന്നും വ്യാപാരികൾ പറഞ്ഞു.
ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുന്നതിന് താെട്ടുമുൻപ് വരെ പൂപ്പാറയിലുണ്ടായിരുന്ന ചില മുതിർന്ന രാഷ്ട്രീയ നേതാക്കൾ പിന്നീട് മുങ്ങിയെന്നാണ് വ്യാപാരികളുടെ ആരോപണം. ഉന്നത നേതാക്കൾ ഇടപെട്ടിട്ടും റവന്യു വകുപ്പും പാെലീസും നടപടികളിൽ നിന്ന് പിന്നോട്ട് പോകാത്തത് ഭരണകക്ഷിയിലെ പ്രാദേശിക നേതാക്കളെയും ബുദ്ധിമുട്ടിലാക്കി.
ഒഴിപ്പിക്കൽ നടപടി നാൾവഴികൾ
പൂപ്പാറയിലെ പുറമ്പോക്ക് ഭൂമിയിലുള്ള 2 അനധികൃത നിർമാണങ്ങൾക്കെതിരെ ചിലർ ഹൈക്കോടതിയിൽ പരാതി നൽകിയ സംഭവത്തിലാണ് തുടക്കം. പിരിവു ചോദിച്ചതു കൊടുക്കാതിരുന്ന വ്യാപാരികളോടുള്ള പക പോക്കലായി ചില രാഷ്ട്രീയക്കാരുടെ നീക്കമായിരുന്നു ഇതെന്നും ആരോപണമുണ്ട്. 2 നിർമാണങ്ങൾക്കെതിരെ നടപടി ഉറപ്പായതോടെ ടൗണിൽ തങ്ങളെ കൂടാതെയും അനധികൃത നിർമാണങ്ങളുണ്ടെന്ന് ഇൗ കെട്ടിട ഉടമകൾ കോടതിയെ അറിയിച്ചു.
തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം പൂപ്പാറയിൽ പുറമ്പോക്ക് ഭൂമിയിൽ നിർമിച്ച കെട്ടിടങ്ങളെക്കുറിച്ച് അന്വേഷിച്ച് ജില്ലാ ഭരണകൂടം റിപ്പോർട്ട് നൽകി. ഇൗ റിപ്പോർട്ടിലുൾപ്പെട്ട 56 നിർമാണങ്ങൾക്കെതിരെ 6 ആഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചു. പൂപ്പാറയിലെ അനധികൃത നിർമാണങ്ങളുമായി ബന്ധപ്പെട്ട് അമിക്കസ്ക്യൂറി നൽകിയ റിപ്പോർട്ടും കോടതി പരിഗണിച്ചിരുന്നു.
തുടർന്ന് 56 അനധികൃത നിർമാണങ്ങൾക്കുമെതിരെ കഴിഞ്ഞ ഡിസംബറിൽ റവന്യു വകുപ്പ് നോട്ടിസ് നൽകി. കയ്യേറ്റമാെഴിപ്പിക്കാൻ 2 തവണ കോടതിയിൽ നിന്നും വീണ്ടും ഉത്തരവുണ്ടായി. കഴിഞ്ഞ 17 ന് ഹൈക്കോടതി വിധി വന്നതിന് ശേഷം നടപടിക്രമങ്ങൾ വേഗത്തിലാക്കി ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ നടപടികൾ പൂർത്തിയാക്കാൻ കഴിയില്ല എന്നതിനാലാണ് മൂന്നാഴ്ച്ചക്കുള്ളിൽ ഒഴിപ്പിക്കൽ പൂർത്തിയാക്കിയത്.
പൂപ്പാറയിൽ ജെസിബി വരുമോ?
പൂപ്പാറയിൽ സർക്കാർ ഏറ്റെടുത്ത കെട്ടിടങ്ങളുടെ ഭാവി ഇനി ഹൈക്കോടതി തീരുമാനിക്കും. ഒഴിപ്പിക്കൽ പൂർത്തിയാക്കി റവന്യു വിഭാഗം ഉടൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കെട്ടിടങ്ങൾ പാെളിക്കുന്നതുൾപ്പെടെയുള്ള നടപടികളിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്ന് റവന്യു അധികൃതർ പറയുന്നു. 56 കെട്ടിടങ്ങൾ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ ആക്‌ഷൻ കൗൺസിൽ നൽകിയ അപ്പീൽ അടുത്ത ചാെവ്വാഴ്ച കോടതി പരിഗണിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ കോടതി നിലപാട് നിർണായകമാവും.