കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു
Mail This Article
തൊടുപുഴ∙ മൾട്ടിപ്പിൾ മൈലോമ എന്ന അർബുദത്തെ തുടർന്നു ചികിത്സയിൽ കഴിയുന്ന വീട്ടമ്മ തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. തൊടുപുഴ വെങ്ങല്ലൂർ കണ്ടത്തിൻകരയിൽ കെ.ജി.പൊന്നമ്മയാണ് (68) ചികിത്സാ സഹായം തേടുന്നത്.
തൊടുപുഴ താലൂക്ക് സീനിയർ കോ–ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പിഗ്മി കലക്‌ഷൻ ഏജന്റായിരുന്നു പൊന്നമ്മ. ഇതിൽ നിന്നുള്ള വരുമാനവും ഒഴിവുള്ള സമയം ഉണ്ണിയപ്പം ഉണ്ടാക്കി വിറ്റുമാണ് കുടുംബം പുലർത്തിയിരുന്നത്. ഇതിനിടെ 2020ലാണ് രോഗം തിരിച്ചറിയുന്നത്. ആദ്യം കാലിനു വേദനയും പുറം വേദനയും അനുഭവപ്പെട്ടു തുടങ്ങി. വേദന കൂടുകയും കാലിനു തളർച്ച പോലെ വരികയും ചെയ്തതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അസ്ഥികളെ ബാധിക്കുന്ന മൾട്ടിപ്പിൾ മൈലോമ കാൻസർ ആണെന്നു സ്ഥിരീകരിച്ചത്.
തുടർന്ന്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊന്നമ്മയെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. കീമോയും മരുന്നും തുടരണമെന്നാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. മാസത്തിൽ ഒരുതവണ കോട്ടയത്ത് എത്തി കീമോ ചെയ്യണം. മരുന്നിനു മാത്രം മാസം 5,000 രൂപയോളം ചെലവു വരും. ഓട്ടോ വിളിച്ചു പോകേണ്ടതിനാൽ യാത്രക്കൂലി ഇനത്തിലും വലിയൊരു തുക ചെലവു വരുന്നുണ്ട്.
നിലവിൽ വാക്കറിന്റെ സഹായമില്ലാതെ നടക്കാനാവില്ല. കാഴ്ചയ്ക്കും മങ്ങലുണ്ട്. അതിനാൽ, ജോലിയൊന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. പൊന്നമ്മയ്ക്കു സ്വന്തമായി വീടും സ്ഥലവുമില്ല. വാടകയ്ക്കാണു താമസം. സുമനസ്സുകളുടെ സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ തടസമില്ലാതെ നടത്താനായത്. തുടർന്നും സഹായം ലഭിച്ചെങ്കിൽ മാത്രമേ ചികിത്സ മുന്നോട്ടു കൊണ്ടുപോകാനാകൂ.
കെ.ജി.പൊന്നമ്മയുടെ പേരിൽ പഞ്ചാബ് നാഷനൽ ബാങ്ക് തൊടുപുഴ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4355001702005800. ഐഎഫ്എസ്‌സി കോഡ്: PUNB0435500.