ലോക്സഭ: പാർട്ടിയിൽ നിന്ന് പുറത്താക്കിയ എസ്.രാജേന്ദ്രനെ തിരികെ എത്തിക്കാൻ സിപിഎം ശ്രമം
Mail This Article
മൂന്നാർ ∙ നിയസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ തിരികെയെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങി സിപിഎം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് രാജേന്ദ്രനെ പാർട്ടിയിൽ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. തമിഴ് വംശജരുൾപ്പെടുന്ന തോട്ടം മേഖലയിൽ സിപിഎമ്മിന് ശക്തനായ നേതാക്കളില്ലാത്തതിന്റെ കുറവ് പരിഹരിക്കാനാണ് രാജേന്ദ്രനെ തിരികെയെത്തിക്കാൻ പാർട്ടി ശ്രമിക്കുന്നത്.
രാജേന്ദ്രനെ മടക്കി കൊണ്ടുവന്ന്, രാജേന്ദ്രനൊപ്പം പാർട്ടിക്കെതിരെ ഇടഞ്ഞു നിൽക്കുന്ന ഒരു വിഭാഗത്തെ ഒപ്പം കൂട്ടി തിരഞ്ഞെടുപ്പിന് മുന്നോടിയായി തോട്ടം മേഖലയിൽ ആധിപത്യം നേടാനാണ് ശ്രമം. ഒരു മാസം മുൻപ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ടിരുന്നതായും പാർട്ടിയിൽ മടങ്ങിയെത്തി സജീവമാകണമെന്ന് ആവശ്യപ്പെട്ടതായും ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ ഇടപെടുമെന്ന് അറിയിച്ചതായും രാജേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയുടെ നിർദേശപ്രകാരം ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം മൂന്നാറിലെത്തി രാജേന്ദ്രനുമായി ചർച്ച നടത്തിയെന്നാണ് വിവരം. പാർട്ടി നിലപാട് ജില്ലാ സെക്രട്ടറി അറിയിച്ചു. എന്നാൽ പാർട്ടിയിൽ സീനിയോറിറ്റിക്കനുസരിച്ചുള്ള പദവി നൽകണം എന്നതടക്കമുള്ള തന്റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് രാജേന്ദ്രൻ ജില്ലാ സെക്രട്ടറിയെ അറിയിച്ചതായാണ് സൂചന.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് രാജേന്ദ്രനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. 2023 ജനുവരിയിൽ സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും അംഗത്വം പുതുക്കാൻ രാജേന്ദ്രൻ തയാറായില്ല. തുടർന്ന് മുതിർന്ന നേതാവ് എം.എം.മണി അടക്കമുള്ളവർ രാജേന്ദ്രനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും കൈകാര്യം ചെയ്യണമെന്ന് അണികളോട് ആഹ്വാനം ചെയ്യുകയുമുണ്ടായി.എന്നാൽ ഇതിനെല്ലാം മറുപടി നൽകിയെങ്കിലും പാർട്ടിയെ തള്ളി മറ്റൊരു പാർട്ടിയിലും പോകാതെ നിലപാട് സ്വീകരിച്ചതാണ് 15 വർഷം എംഎൽഎയായിരുന്ന രാജേന്ദ്രനെ മടക്കി കൊണ്ടുവരാൻ പാർട്ടി ഊർജിതമായി ശ്രമിക്കുന്നത്.