മൂന്നാറിൽ കടുവയും പടയപ്പയും; മേയാൻ വിട്ട പശുവിനെ കടുവ കൊന്നു, കാറും ഷെഡും തകർത്ത് പടയപ്പ
Mail This Article
കടുവ പശുവിനെ തിന്നു
മൂന്നാർ ∙ മേയാൻ വിട്ടിരുന്ന പശുവിനെ കടുവ കൊന്നു തിന്നു. ബാക്കി ഭാഗം തിന്നാനായി ഇന്നലെ രാവിലെ കടുവ വീണ്ടും സ്ഥലത്തെത്തി. കുണ്ടള എസ്റ്റേറ്റിൽ പുതുക്കടി ഡിവിഷനിൽ പി.രാമറിന്റെ പശുവിനെയാണ് കൊന്നത്. ദിവസവും 10 ലീറ്ററിലധികം പാൽ ലഭിക്കുന്ന പശുവായിരുന്നു. വ്യാഴാഴ്ച രാവിലെ മേയാൻ വിട്ടിരുന്ന പശു മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് രാത്രിയിൽ മാരിയമ്മൻ ക്ഷേത്രത്തിനു സമീപം പാതി തിന്ന നിലയിൽ പശുവിന്റെ ജഡം കണ്ടെത്തിയത്.
കന്റീൻ, തൊഴിലാളി ലയങ്ങൾ എന്നിവയുടെ 100 മീറ്റർ മാത്രം ദൂരത്തു വച്ചാണ് കടുവ പശുവിനെ കൊന്നത്. പശുവിന്റെ ബാക്കി ഭാഗം തിന്നാനായി ഇന്നലെ രാവിലെ എട്ടു മണിക്ക് വീണ്ടും കടുവ സ്ഥലത്തെത്തിയത് പ്രദേശവാസികൾ നേരിട്ടു കണ്ടു. കടുവ ഇവിടെ തുടരുന്നതിനാൽ ഇന്നലെ പലരും വീടുകളിൽ നിന്നു പുറത്തിറങ്ങിയില്ല.
വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.കഴിഞ്ഞ ജനുവരി 12 ന് സാൻഡോസ് കോളനി സ്വദേശിയായ പി.ഷൺമുഖത്തിന്റെ 4 പശുക്കളെയും ഫെബ്രുവരി 19ന് ചെണ്ടുവര വട്ടവട ഡിവിഷനിൽ പി.ജയകുമാറിന്റെ അഞ്ചുമാസം ഗർഭിണിയായിരുന്ന പശുവിനെയും ഡിസംബർ 13ന് കുണ്ടള എസ്‌സി കോളനിയിൽ കവിത കുമാറിന്റെ വളർത്തുപോത്തിനെയും കടുവ കൊന്നു തിന്നിരുന്നു.
കാറും ഷെഡും അടിച്ചുതകർത്ത് പടയപ്പ
മൂന്നാർ ∙ മൂന്നാർ മേഖലയിൽ വീണ്ടും പടയപ്പയുടെ ആക്രമണം. ആന്ധ്രപ്രദേശ് സ്വദേശികളായ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാറും തൊഴിലാളി ലയത്തിനു സമീപത്തെ ഷെഡും ആന അടിച്ചു തകർത്തു. ഇന്നലെ പുലർച്ചെ 4.30 ന് മൂന്നാർ - ഉടുമൽപേട്ട സംസ്ഥാനാനന്തര പാതയിൽ നയമക്കാടിന് സമീപത്തുവച്ചാണ് സഞ്ചാരികളുടെ വാഹനത്തിനു നേരെ പടയപ്പയുടെ ആക്രമണമുണ്ടായത്. മൂന്നാർ സന്ദർശനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു സഞ്ചാരികൾ.
ആന കാറിനുനേരെ പാഞ്ഞു വരുന്നതു കണ്ട നാലംഗ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. കാറിന്റെ പിൻവശത്തെ ഗ്ലാസ് കൊമ്പു കൊണ്ടു തകർത്ത ശേഷം തുമ്പിക്കൈ കൊണ്ട് കാറിന്റെ മുകൾഭാഗം അമർത്തി നശിപ്പിക്കുകയായിരുന്നു. പത്തു മിനിറ്റിലധികം സമയം കാറിനു സമീപം നിന്നശേഷമാണ് പടയപ്പ മടങ്ങിയത്. ആന പോയ ശേഷം മടങ്ങിയെത്തിയ സഞ്ചാരികൾ വാഹനവുമായി നാട്ടിലേക്ക് മടങ്ങി.
സ്ഥലത്തെത്തിയ ആർആർടി സംഘമാണ് പടയപ്പയെ കാട്ടിലേക്ക് ഓടിച്ചത്. വ്യാഴം രാത്രി 11.30നാണ് നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ ക്ഷേത്രത്തിനു സമീപമുള്ള വേലുസ്വാമിയുടെ വീടിനോടു ചേർന്നുള്ള ഷെഡ് പടയപ്പ അടിച്ചു തകർത്തത്. ഷെഡിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന വേലുസ്വാമിയുടെ മകൻ ശിവ തകരഷീറ്റുകൾ തകർക്കുന്ന ബഹളം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.