ADVERTISEMENT

ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ പോരാട്ട ചിത്രം തെളിഞ്ഞുകഴിഞ്ഞു. അടുത്ത ദിവസം തന്നെ എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനവും എത്തുന്നതോടെ കളം മുറുകും. എൽഡിഎഫ് – യുഡിഎഫ് പാളയത്തിൽനിന്ന് മൂന്നാം വട്ടവും ഒരേ സ്ഥാനാർഥികൾ ജനവിധി തേടുമ്പോൾ ഇടുക്കി കൈ കൊടുക്കുന്നതാർക്ക്? ഭരണനേട്ടങ്ങളും പ്രതീക്ഷകളുമായി ഇരു സ്ഥാനാർഥികളും മനോരമയോട് സംസാരിച്ചപ്പോൾ....

ഡീൻ‌ കുര്യാക്കോസ് എംപി
∙ മൂന്നാം തവണയാണ് ഇടുക്കിയിൽ നിന്ന് ജനവിധി തേടുന്നത്. പ്രതീക്ഷകൾ?
യുഡിഎഫ് മുന്നോട്ടു വയ്ക്കുന്ന ശരിയായ രാഷ്ട്രീയത്തിനൊപ്പമാണ് ഇടുക്കി ജനതയുടെ മനസ്സ്. കഴിഞ്ഞ 8 വർഷമായി ഇടുക്കിയിലെ ജനങ്ങളെ തുടർച്ചയായി ദ്രോഹിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ജനവിധിയായി ഈ പാർലമെന്റ് തിരഞ്ഞെടുപ്പ് മാറും. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മതനിരപേക്ഷ സ്വഭാവമുള്ള ജനാധിപത്യ സർക്കാർ അധികാരത്തിൽ വരേണ്ടത് ഇടുക്കി ജനതയുടെ നിലനിൽപ്പിന്റെ പ്രശ്നം കൂടിയാണ്.

∙ എംപി എന്ന നിലയിൽ കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനം വിലയിരുത്തപ്പെടുകയാണ് ഈ തിരഞ്ഞെടുപ്പിൽ.
ഇടുക്കിയിലെ ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും കാത്ത പ്രവർത്തനമാണ് കഴിഞ്ഞ 5 വർഷക്കാലം നടത്തിയത്. ജില്ലയുടെ പ്രാദേശിക വിഷയങ്ങളും ആവശ്യങ്ങളും പാർലമെന്റിൽ ഉന്നയിക്കാനും അതിൽ ഏറെയും നേടിയെടുക്കാനും സാധിച്ചു. ഒരു അഴിമതി ആരോപണം പോലും കഴിഞ്ഞ കാലങ്ങളിൽ നേരിടേണ്ടി വന്നിട്ടില്ല. വിവാദമായ ഒരു ഇടപാടിലും പങ്കുചേർന്നിട്ടില്ല. എന്നെ ജയിപ്പിച്ചു എന്നതിന്റെ പേരിൽ ഒരു ഇടുക്കിക്കാരനും ആരുടെ മുന്നിലും തല കുനിക്കേണ്ടി വന്നിട്ടില്ല. 

∙ വീണ്ടും സ്ഥാനാർഥിയാകുന്ന ആത്മവിശ്വാസം.
2019ലെ തിരഞ്ഞെടുപ്പിൽ പാർലമെന്റ് മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച ശേഷമുള്ള പ്രവർത്തനങ്ങളിലൂടെ ഇടുക്കിയിലെ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചു. പ്രളയം, കൊക്കയാർ, പെട്ടിമുടി പ്രകൃതി ദുരന്തങ്ങൾ തുടങ്ങി മണ്ഡലത്തിലെ ജനങ്ങൾക്കുണ്ടായ ഏതു പ്രതിസന്ധി ഘട്ടത്തിലും അവരിലൊരാളായി അവർക്കൊപ്പം കൈത്താങ്ങായി നിന്നിട്ടുണ്ടെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുല്ലപ്പെരിയാർ, ബഫർ സോൺ, അരിക്കൊമ്പൻ, വന്യജീവി ആക്രമണം പോലുള്ള വിഷയങ്ങളിൽ ഇടുക്കി ജനതയുടെ വികാരം ഉൾക്കൊണ്ട നിലപാടാണ് എംപി എന്ന നിലയിൽ സ്വീകരിച്ചത്. 

∙ എന്താണ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം? യുഡിഎഫ് സംഘടനാ സംവിധാനം തിരഞ്ഞെടുപ്പിന് സജ്ജമായോ?
തിരഞ്ഞെടുപ്പിന് യുഡിഎഫ് പൂർണമായും സജ്ജമാണ്. ഇടുക്കിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും യുഡിഎഫ് പ്രചാരണവിഷയമാക്കും. ഇടുക്കിയിലെ ജനങ്ങൾക്കു പട്ടയം നൽകുന്നത് ഹൈക്കോടതി ഉത്തരവ് പ്രകാരം നിർത്തിവച്ചിരിക്കുകയാണ്. അതിന് എതിർസത്യവാങ്മൂലം നൽകാൻ ഉത്തരവ് വന്നു 2 മാസമായിട്ടും സർക്കാർ ഇതുവരെ തയാറായിട്ടില്ല. ഇടുക്കി ജില്ലയ്ക്കെതിരായി പിണറായി വിജയൻ പുറപ്പെടുവിച്ച ഉത്തരവുകൾ ഓരോന്നായി ജനങ്ങളുടെ മുന്നിൽ തുറന്നുകാണിക്കും. എൽഡിഎഫിന്റെ ജനവിരുദ്ധ നയങ്ങളും ജനങ്ങളോട് സംസാരിക്കും. 

∙ മൂന്നാം തവണയും ജോയ്സ് ജോർജ് തന്നെയാണ് എതിരാളി.
തിരഞ്ഞെടുപ്പ് ഒരു വ്യക്തിയുമായിട്ടല്ലല്ലോ. ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയാണ് ഞാൻ. അദ്ദേഹം ഇടതുമുന്നണി സ്ഥാനാർഥിയും. അതിനപ്പുറം വ്യക്തിപരമായ മത്സരമല്ല.

എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് തൊടുപുഴ നിയോജക മണ്ഡലത്തിൽ നൽകിയ സ്വീകരണം
എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് തൊടുപുഴ നിയോജക മണ്ഡലത്തിൽ നൽകിയ സ്വീകരണം

ജോയ്സ് ജോർജ്
∙ മൂന്നാം തവണയാണ് ഇടുക്കിയിൽനിന്ന് ജനവിധി തേടുന്നത്. പ്രതീക്ഷകൾ ?
2014 മുതൽ 2019 വരെ ഞാൻ എംപിയായിരുന്ന കാലയളവിൽ ഇടുക്കിയിൽ നടത്തിയ പ്രവർത്തനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും എന്നുതന്നെയാണ് പ്രതീക്ഷ. പരിസ്ഥിതി വിഷയങ്ങളിലും, വനം – വന്യജീവി പ്രശ്നങ്ങളിലും മറ്റ് പ്രശ്നങ്ങളിലുമെല്ലാം ഇടുക്കിക്കൊപ്പം നിന്ന കാലമാണത്. സെൻട്രൽ റോഡ് ഫണ്ട് എന്നത് അതിനുമുൻപ് മണ്ഡലത്തിൽ എത്തിയിട്ടുപോലുമില്ല. 2014 മുതലാണ് കേന്ദ്ര സർക്കാരിന്റെ റോഡ് വികസനവും ഫണ്ടുകളും ഇടുക്കിക്ക് ലഭ്യമാകുന്നത്. ദേശീയപാതകളുടെ വികസനവും മറ്റു വികസനപദ്ധതികളും എന്റെ കാലാവധി പൂർത്തിയാകുമ്പോഴേക്കും യാഥാർഥ്യമായി. ഇതെല്ലാം ജനങ്ങൾ നേരിട്ടുകണ്ട വികസനങ്ങളാണ്. ഇവയെല്ലാം വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പാകുമിത്.

∙ ആദ്യ രണ്ടുതവണയും ഇടതു സ്വതന്ത്രനായാണ് മത്സരിച്ചത്. ഇത്തവണ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ എന്ത് മാറ്റമാണുണ്ടായത്?
ഇടതുമുന്നണി എന്ന പ്ലാറ്റ്ഫോമിലാണ് ഞാൻ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നത്. 2014ലും 2019ലും ഇടതുപക്ഷക്കാരനായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നെ ഇടുക്കി അറിയുന്നതും ഇടതുപക്ഷമായാണ്. ഇത്തവണ സിപിഎം അംഗമായി പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ അതിനു മാറ്റം വരുന്നില്ല. കൂടാതെ പാർട്ടിയുടെ ആശയങ്ങളും പ്രവർത്തനവും എന്നിലൂടെ കൂടുതൽ ചർച്ച ചെയ്യപ്പെടും. 

തിരഞ്ഞെടുപ്പിൽ മുന്നോട്ടുവയ്ക്കുന്ന പ്രചാരണ വിഷയങ്ങൾ എന്തൊക്കെ?
എംപി എന്ന നിലയിൽ ഇടുക്കിയിൽ ഞാൻ നടത്തിയ പ്രവർത്തനങ്ങളും എടുത്ത നിലപാടുകളും ഈ തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമാകും. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഊന്നി ഇടുക്കിക്ക് വേണ്ടി പാർലമെന്റിൽ ശബ്ദിക്കാൻ കരുത്തുറ്റ സാന്നിധ്യമായി ഞാൻ ഉണ്ടാകുമെന്ന് മുൻകാലം പരിശോധിച്ചാൽ വ്യക്തമാകും. നിലവിലെ യുഡിഎഫ് എംപിമാരുടെ പ്രവർത്തനത്തിലെ വീഴ്ചകളും ജനാധിപത്യത്തിനു നേരെയുള്ള ആക്രമണം ചെറുക്കാനാകാത്തതും ചർച്ചയാകും. 

∙ കഴിഞ്ഞ 5 വർഷത്തിനിടെ ഇടുക്കിയിൽ ചർച്ചയായ ഭൂപ്രശ്നങ്ങളും വന്യജീവി ആക്രമണങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ?
വനം – വന്യജീവി, പരിസ്ഥിതി വിഷയങ്ങളിൽ ഞാനെടുത്ത നിലപാടുകൾ ജനത്തിന്റെ മുന്നിലുണ്ട്. അതിൽ ഒരു ചാഞ്ചാട്ടവുമുണ്ടായിട്ടില്ല. ഈ വിഷയങ്ങൾ വേണ്ടയിടത്ത് കൃത്യമായി അവതരിപ്പിക്കാനും ശക്തമായ നിലപാടുകൾ എടുക്കാനും സാധിക്കുന്ന ആളെയാണ് ഇടുക്കിക്ക് വേണ്ടത്. അതുകൊണ്ടുതന്നെ ഈ വിഷയങ്ങളെല്ലാം ഇടതുപക്ഷത്തിനൊപ്പം ജനങ്ങളെ ചേർത്തുനിർത്തും.

∙ ഡീൻ കുര്യാക്കോസാണ് മൂന്നാം തവണയും എതിരാളി. 
2014ൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ജോയ്സ് ജോർജ് ജയിച്ചു, 2019ൽ ഡീൻ ജയിച്ചു. ഈ രണ്ടു വട്ടവും ഓരോരുത്തരും നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾ കണ്ടതാണ്. അത് അവർ വിലയിരുത്തട്ടെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com