അരിക്കൊമ്പന്റെ ‘കസേര പിടിക്കാൻ’ ചക്കക്കൊമ്പൻ; ചിന്നക്കനാലിൽ വീട് തകർത്ത് കാട്ടാന
Mail This Article
ചിന്നക്കനാൽ∙ അരിക്കൊമ്പന്റെ വിഹാരകേന്ദ്രമായിരുന്ന ചിന്നക്കനാൽ 301 കോളനിയിൽ ചക്കക്കാെമ്പൻ എന്ന കാട്ടാനയുടെ അതിക്രമം. ഇന്നലെ പുലർച്ചെ ചക്കക്കൊമ്പൻ ഇവിടെ ഒരു വീട് തകർത്തു. അരിക്കൊമ്പൻ സ്ഥിരമായി ആക്രമിച്ചിരുന്ന റേഷൻകടയ്ക്കുനേരെയും കഴിഞ്ഞ ദിവസം ചക്കക്കൊമ്പൻ ആക്രമണം അഴിച്ചുവിട്ടിരുന്നു. 4 മാസം മുൻപ് ആനയിറങ്കൽ ജലാശയത്തിൽ വള്ളംമറിഞ്ഞ് മുങ്ങി മരിച്ച ഗോപി നാഗന്റെ വീടാണ് ഇന്നലെ പുലർച്ചെ മൂന്നരയോടെ ചക്കക്കൊമ്പൻ തകർത്തത്.
ഗോപി നാഗന്റെ മകൾ സുമയും ഭർത്താവ് രഞ്ജിത്തുമാണ് ഇവിടെ താമസിക്കുന്നത്. ബുധനാഴ്ച സുമയും രഞ്ജിത്തും അടിമാലിയിൽ പഠിക്കുന്ന മക്കളുടെ അടുത്തേക്കു പോയിരിക്കുകയായിരുന്നു. ഇവർ വീട്ടിലില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീടിന്റെ അടുക്കളയും അടുത്തുള്ള ഷെഡും ആന തകർത്തു. വീടിനകത്ത് സൂക്ഷിച്ചിരുന്ന അരിയും നിത്യോപയോഗ സാധനങ്ങളും നശിപ്പിച്ച ഒറ്റയാൻ ഇവരുടെ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടിയും ശുദ്ധജല ടാങ്കും തകർത്തു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ പടക്കം പാെട്ടിച്ചാണ് ഒറ്റയാനെ തുരത്തിയത്.