ADVERTISEMENT

മൂന്നാർ ∙ പാർട്ടിയുമായി അകന്നുനിന്ന മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ മടങ്ങിവരവിന് സാക്ഷ്യം വഹിച്ച് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ ദേവികുളം മണ്ഡലം കൺവൻഷൻ. പഴയ മൂന്നാർ പാർക്കിങ് മൈതാനത്തായിരുന്നു കൺവൻഷൻ വേദി. 11ന് ആരംഭിക്കാനിരുന്ന വേദിയിലേക്ക് 10.50നു തന്നെ രാജേന്ദ്രൻ എത്തി. പ്രധാന വേദിയിലെത്തിയ രാജേന്ദ്രനെ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ.ജയചന്ദ്രൻ, എം.എം.മണി തുടങ്ങിയ നേതാക്കൾ സ്വീകരിച്ചിരുത്തിയ ശേഷം രഹസ്യ ചർച്ചകൾ നടത്തി.

അപ്പോഴേക്കും വട്ടവടയിൽ പ്രചാരണത്തിലായിരുന്ന ജോയ്സ് ജോർജ് വേദിയിലേക്ക് എത്തി. തുടർന്നു നടന്ന കൺവൻഷൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎമാരായ എം.എം.മണി, എ.രാജ, കെ.സലിംകുമാർ, ടി.കെ.ഷാജി, കെ.വി.ശശി, എം.വൈ.ഔസേപ്പ്, പി.പളനിവേൽ, പി.മുത്തുപാണ്ടി, സിബി മൂലേപ്പറമ്പിൽ, എം.എം.മാത്യു, സി.എച്ച്.അഷറഫ്, കെ.കെ.വിജയൻ, സ്ഥാനാർഥി ജോയ്സ് ജോർജ്, ടി.ചന്ദ്രപാൽ എന്നിവർ പ്രസംഗിച്ചു.

മുഖം കൊടുക്കാതെ  എസ്.രാജേന്ദ്രനും  കെ.വി.ശശിയും
തനിക്കെതിരെ പാർട്ടി നടപടിയെടുത്തതിനു പിന്നിലെ പ്രധാന നേതാവെന്ന് രാജേന്ദ്രൻ ആരോപിക്കുന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി.ശശി ഇന്നലെ മുഴുവൻ സമയവും കൺവൻഷന്റെ പ്രധാന വേദിയിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയിലെ രക്ഷാധികാരിയായ എസ്.രാജേന്ദ്രന്റെ പേര് പ്രഖ്യാപിച്ചത് ഉൾപ്പെടെ കെ.വി.ശശിയായിരുന്നു.

തിരഞ്ഞെടുപ്പ് പര്യടനത്തിനായി വട്ടവടയിൽ എത്തിയ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്ന പ്രവർത്തകർ.
തിരഞ്ഞെടുപ്പ് പര്യടനത്തിനായി വട്ടവടയിൽ എത്തിയ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്ന പ്രവർത്തകർ.

മറ്റു  നേതാക്കൾ രാജേന്ദ്രനുമായി ഹസ്തദാനം ചെയ്ത് സംസാരിച്ചിരുന്നു. എന്നാൽ ഇരുവരും യോഗം അവസാനിക്കുന്നതു വരെ പരസ്പരം മുഖം കൊടുത്തില്ല. സംസ്ഥാന, ജില്ലാ നേതാക്കളുടെ നിർദേശപ്രകാരം കെ.വി.ശശി മൊബൈൽ ഫോണിൽ ശനിയാഴ്ച പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും രാജേന്ദ്രൻ പ്രതികരിച്ചിരുന്നില്ല.

രക്ഷാധികാരിയായി എസ്.രാജേന്ദ്രൻ
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ മണ്ഡലംതല പ്രചാരണത്തിന്റെ രക്ഷാധികാരിയായി എസ്.രാജേന്ദ്രനെ പ്രഖ്യാപിച്ചു. എം.വൈ.ഔസേപ്പ്, ഷൈലജ സുരേന്ദ്രൻ, എ.രാജാ എംഎൽഎ എന്നിവർക്കൊപ്പമാണ്, രണ്ടര വർഷത്തിനു ശേഷം എൽഡിഎഫ് യോഗത്തിൽ പങ്കെടുത്ത രാജേന്ദ്രനെയും രക്ഷാധികാരിയായി നേതാക്കൾ പ്രഖ്യാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com