ADVERTISEMENT

തൊടുപുഴ ∙ ആദ്യ മത്സരത്തിനായി തൊടുപുഴ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ പി.ജെ.ജോസഫ് പറയും, ഞാൻ‌ തൊടുപുഴ തിരഞ്ഞെടുത്തതല്ല, എന്നെ തൊടുപുഴ തിരഞ്ഞെടുത്തതാണെന്ന്. രാഷ്ട്രീയ കേരളത്തിനു തൊടുപുഴയെന്നാൽ പി.ജെ.ജോസഫും പി.ജെ.ജോസഫ് എന്നാൽ തൊടുപുഴയുമാണ്. നിലവിൽ കേരളത്തിൽ ഇത്രയധികം തവണ പൊതു തിരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റൊരു സ്ഥാനാർഥിയില്ല. 11 നിയമസഭാ തിരഞ്ഞെടുപ്പിലും 2 ലോക്സഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർഥിയായ ജോസഫ് 10 തവണ നിയമസഭാംഗമായി. തിരഞ്ഞെടുപ്പുകളാണ് ഒരു രാഷ്ട്രീയപ്രവർത്തകനെ വിലയിരുത്തുന്നതെന്നാണ് ജോസഫ് പക്ഷം. ഓരോ ജയവും ജനം തന്ന അംഗീകാരങ്ങളും.

പ്രായം വെറുമൊരു നമ്പറല്ലേ!
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ജോസഫായിരുന്നു- 80 വയസ്സ്. അന്ന് സംസ്ഥാനത്താകെ വീശിയടിച്ച ഇടതു കൊടുങ്കാറ്റിൽ ഇടുക്കിയിൽ പിടിച്ചുനിന്നത് പി.ജെ.ജോസഫ് മാത്രമാണ്. 1970ലെ ആദ്യ തിരഞ്ഞെടുപ്പ് കാലം മുതൽ ഓരോ ജയവും തോൽവിയും ഇന്നും ഓർക്കുന്നുണ്ട് ഈ രാഷ്ട്രീയ നായകൻ. സ്വതന്ത്ര സ്ഥാനാർഥിയായ യു.കെ.ചാക്കോയെ 1635 വോട്ടിനു പരാജയപ്പെടുത്തിയായിരുന്നു തൊടുപുഴയിലെ വിജയക്കുതിപ്പിന്റെ തുടക്കം. 1989ൽ മൂവാറ്റുപുഴയിലും 1991ലും ഇടുക്കി മണ്ഡലത്തിൽനിന്നു പാർലമെന്റിലേക്കു ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും ജയിക്കാനായില്ല. 2016ൽ സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിലാണ് എംഎൽഎ ആയത്. 

താഴമ്പൂ മണമുള്ള വിജയം
പാട്ടുംപാടി വിജയം എന്നത് നേരിട്ടറിയാം ജോസഫിന്. തിരഞ്ഞെടുപ്പ് പ്രചാരണക്കാലം. കല്ലൂർകാട് പഞ്ചായത്തിലെ കുളങ്ങാട്ടുപാറയിൽ പ്രസംഗിക്കാൻ പോകണം. സിപിഎമ്മിന് സ്വാധീനമുള്ള കോളനിയാണ്.  സ്ഥലത്തെത്തുമ്പോൾ രാത്രി 10 മണി. സിപിഎം പ്രവർത്തകരല്ലാതെ വേറെയാരും ഇല്ല. കോളനിക്ക് നടുക്ക് കെട്ടിയുണ്ടാക്കിയ ചെറിയ പന്തലിൽച്ചെന്ന് മൈക്ക് കയ്യിലെടുത്ത് ഒരു പാട്ടിൽ തുടങ്ങി. ‘‘താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ... തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി...’’ പാട്ട് തീർന്നപ്പോഴേക്കും പന്തലിലാകെ ആള് നിറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി പാട്ടു പാടുന്നത് കേൾക്കാൻ വന്നവരാണ്. പ്രസംഗമൊന്നും നടത്താതെ എല്ലാവരെയും കണ്ട് വോട്ടു ചോദിച്ച് തിരിച്ചുപോന്നു. ആ ബൂത്തിലെ 80 ശതമാനം വോട്ടും ജോസഫിനായിരുന്നു.

ആളില്ലാ വീടുകൾ
എത്ര തിരഞ്ഞെടുപ്പു കണ്ടിട്ടും ആദ്യ മത്സരത്തിനിറങ്ങിയ അതേ മാനസിക സമ്മർദം ഓരോ തിര​ഞ്ഞെടുപ്പിലും ഉണ്ടാവാറുണ്ട്.  പണ്ടൊക്കെ രാത്രി രണ്ടു മണിക്കും മൈക്ക് കെട്ടി പ്രസംഗിക്കുമായിരുന്നു. രാത്രി പത്തിനു ശേഷം മൈക്ക് പാടില്ലെന്ന നിയന്ത്രണമൊക്കെ ഇപ്പോഴാണല്ലോ വന്നത്.  അന്നൊക്കെ വോട്ട് ചോദിച്ച് എപ്പോൾ ചെന്നാലും മിക്ക വീടുകളിലും ആരെങ്കിലുമൊക്കെ കാണുമായിരുന്നു. ഇപ്പോൾ വൈകിട്ടു ചെന്നാൽ മാത്രമേ വോട്ടർമാരെ കാണാൻ പറ്റൂ. പ്രചാരണച്ചെലവും അക്കാലത്തു വളരെ കുറവായിരുന്നു. അനൗൺസ്മെന്റ് വാഹനത്തിൽ പോകുന്നവരെല്ലാം പാർട്ടിക്കാരായിരിക്കും. പോസ്റ്റർ ഒട്ടിക്കുന്നതു മുതൽ വീടുകയറി സ്ഥാനാർഥിക്കായി അഭ്യർഥന വിതരണം ചെയ്യുന്നതുവരെ ആരുടെയും ആഹ്വാനമില്ലാതെ നിർവഹിക്കാൻ ആളുണ്ടായിരുന്നു. ഇന്നു പക്ഷേ, സ്ഥിതി മാറി.’’

ശാന്തയായിരുന്നു; ആ ഇലക്‌ഷൻ കാലം
പുറപ്പുഴ പാലത്തിനാൽ വീട്ടിലെ ഓഫിസ് മുറിയിലെ മേശയിൽ പഴയൊരു കൊന്ത ഭംഗിയായി ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്.  ഡോ.ശാന്തയുടെ ഫോട്ടോയും തൊട്ടടുത്തായി അവർ ധരിച്ചിരുന്ന കൊന്തയും. ഓരോ തിരഞ്ഞെടുപ്പ് കാലവും ശാന്തമായി ഓടിത്തീർക്കാൻ പി.ജെ.ജോസഫിന്റെ കരുത്തായിരുന്നു ഡോ.ശാന്ത. തൊടുപുഴയിലെ കാർഷിക മേളയിൽ അല്ലാതെ ജോസഫിനൊപ്പം രാഷ്ട്രീയ വേദികളിൽ ഒരിക്കലും ഡോ. ശാന്ത എത്തിയിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ഉപദേശക ശാന്ത തന്നെയെന്നു വർഷങ്ങളായി കൂടെ ഉണ്ടായിരുന്നവർ പറയും. 

രാവിലെ ഒന്നിച്ചുള്ള പത്രവായനയിൽ ആരംഭിക്കുന്നതായിരുന്നു ആ ബന്ധം. വാർത്തകൾ പിജെയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതു മുതൽ രാഷ്ട്രീയം സംസാരിക്കാൻ തുടങ്ങും. തീരുമാനം ആവശ്യമുള്ള വാർത്തകളും പാർട്ടിയെക്കുറിച്ചും പിജെയെക്കുറിച്ചും പത്രങ്ങളിൽ വരുന്ന കാര്യങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയിലെത്തിക്കും. 

പ്രാദേശിക പേജുകളിൽ മണ്ഡലത്തിലെ ചെറിയ പ്രശ്നങ്ങളെപ്പറ്റി വരുന്ന വാർത്തകളിൽ ഡോക്ടറുടെ ശ്രദ്ധ ചെല്ലും. ഇവയ്ക്കെല്ലാം പരിഹാരം കണ്ടെത്താൻ ഒരു ഡോക്ടറെപ്പോലെ  ഭാര്യ പറയാറുണ്ടായിരുന്നെന്ന് ജോസഫ് ഓർക്കുന്നു. പ്രധാന തീരുമാനങ്ങൾ എടുക്കുംമുമ്പ് ജോസഫ് എന്നും ശാന്തയുമായി സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലമായാൽ പഴ്സണൽ ഡോക്ടറുടെ റോളും ഡോ.ശാന്തയ്ക്കായിരുന്നു. ഇടയ്ക്കിടയുള്ള കരിക്ക് കുടിക്കലും ഉച്ചയ്ക്ക് ഭക്ഷണശേഷമുള്ള അൽപസമയം വിശ്രമവുമെല്ലാം ആ ഉപദേശങ്ങളിൽ നിന്ന് ഇന്നും വിടാതെ പിന്തുടരുന്ന കാര്യങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com