വെങ്ങാലൂർക്കടയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകള്‍; ഭീതിയോടെ നാട്ടുകാർ
Mail This Article
കാഞ്ചിയാർ ∙ വെങ്ങാലൂർക്കടയിൽ വീടിനു സമീപം പുലിയെ കണ്ടതായി നാട്ടുകാർ. മേഖലയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തി. 22ന് വൈകിട്ട് ഏഴരയോടെയാണ് വെങ്ങാലൂർക്കട കടമ്പനാട്ട് ശശിധരൻ പിള്ളയുടെ വീടിനു മുൻവശത്ത് ഏലച്ചെടികൾക്കിടയിൽ പുലിയെ കണ്ടത്. വെങ്ങാലൂർക്കട-പാലാക്കട റോഡിൽ നിന്ന് വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വഴിയുടെ അരികിൽ ഏലച്ചെടിയുടെ ചുവട്ടിലാണ് പുലിയെ കണ്ടതെന്ന് ശശിധരൻ പറയുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി നാട്ടുകാരുടെ സഹകരണത്തോടെ പരിശോധന നടത്തിയപ്പോൾ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. കാൽപ്പാടുകളുടെ ചിത്രങ്ങളും മറ്റുമെടുത്ത് വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പരിശോധനാഫലം ലഭ്യമായെങ്കിൽ മാത്രമേ ഏതു ജീവിയാണ് വന്നതെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും വനപാലകർ അറിയിച്ചു.
കാൽപ്പാടുകളുടെ വലിപ്പം കണക്കാക്കിയാൽ പട്ടിപ്പുലിയാകാനുള്ള സാധ്യതയുണ്ടെന്നും രാത്രിസമയത്ത് മേഖലയിൽ പട്രോളിങ് നടത്തുമെന്നും അയ്യപ്പൻകോവിൽ റേഞ്ച് ഓഫിസർ ഇ.ഡി.അരുൺകുമാർ പറഞ്ഞു. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ആർ.സി.സജീഷ്‌രാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഇന്നലെയും സ്ഥലത്തെത്തി പരിശോധന നടത്തി. വന്യജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകി.