മീനച്ചൂടിലെ തിരഞ്ഞെടുപ്പ് പ്രചാരണം; ചൂടിനെ തോൽപിക്കാൻ കുളിയും വെള്ളവും കഞ്ഞിയും
Mail This Article
തൊടുപുഴ ∙ പുറത്ത് അസഹ്യമായ വേനൽച്ചൂട്, അകത്തു തിരഞ്ഞെടുപ്പിന്റെ ഉദ്വേഗച്ചൂടും. കാലത്തിന്റെ ഈ അവസ്ഥ നമ്മുടെ സ്ഥാനാർഥികളെ വെള്ളം കുടിപ്പിക്കുന്നുണ്ടോ. ‘തീർച്ചയായും’ എന്ന ഉത്തരത്തിനു മുന്നണി വ്യത്യാസമില്ല. മീനച്ചൂട് സ്ഥാനാർഥികൾക്കൊപ്പം പ്രവർത്തകരെയും വിഷമിപ്പിക്കുന്നുണ്ട്. വോട്ടെടുപ്പിന് ഇനി കൃത്യം ഒരു മാസം മാത്രം. വേനൽച്ചൂടിനു മുന്നിൽ തോൽക്കാതെ പ്രചാരണം കൂടുതൽ ചൂട് പിടിപ്പിക്കേണ്ട ദിവസങ്ങളാണ് ഇനിയുള്ളത്. ചൂടിനെ നേരിടാൻ ചില പൊടിക്കൈകളൊക്കെയുണ്ട് സ്ഥാനാർഥികൾക്ക്. അതേക്കുറിച്ച്...
ചായ ഔട്ട്, വെള്ളം ഇൻ
ചായയ്ക്കൊപ്പം പഴംപൊരി അല്ലെങ്കിൽ ഉഴുന്നുവട. യോഗങ്ങളുടെ ഈ മെനു തൽക്കാലം മരവിപ്പിച്ചു. വെള്ളമാണ് ഇപ്പോഴത്തെ താരം. അര ലീറ്റർ വെള്ളക്കുപ്പികളാണ് തിരഞ്ഞെടുപ്പ് യോഗങ്ങളിലെ വിഐപി. യോഗങ്ങളിലെത്തുമ്പോൾ തന്നെ വെള്ളം കുടിക്കും. യോഗത്തിനിടയ്ക്ക് കുടിക്കാൻ ഒരു കുപ്പി കയ്യിൽ കരുതും. യോഗം തീർന്ന് ഇറങ്ങുമ്പോൾ ഒരു കുപ്പി കൂടി എടുക്കും. ചായ, കാപ്പി എന്നിവയ്ക്ക് ഇപ്പോൾ ആവശ്യക്കാർ കുറഞ്ഞെന്നു സംഘാടകരും പറയുന്നു.
പ്രചാരണ വേദികളിൽ കൂളറുകൾക്ക് പ്രിയം
തിരഞ്ഞെടുപ്പ് യോഗങ്ങളിലെ അനിഷേധ്യ നേതാവായ ഫാനിന് ഇപ്പോൾ പഴയ ആവശ്യക്കാരില്ല. പകരം ‘കൂളർ’ ആണ് ഇപ്പോൾ താരം. എല്ലാ തിരഞ്ഞെടുപ്പു യോഗങ്ങളിലും കൂളറുകൾ നിർബന്ധം. നേരത്തേ വിവാഹ സൽക്കാരങ്ങൾ പോലുള്ള പരിപാടികൾക്കാണ് കൂളറുകൾ കൂടുതലായി ഉപയോഗിച്ചിരുന്നത്. 2,000–2,500 രൂപയായിരുന്നു ഒരു ദിവസത്തെ വാടക.
എന്നാൽ, തിരഞ്ഞെടുപ്പ് യോഗങ്ങളിൽ കൂളർ താരമായതോടെ പാർട്ടികളും മുന്നണികളും ഇതു പാക്കേജ് അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുത്തുതുടങ്ങി. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളിൽ കൂളറുകൾക്ക് സ്ഥിരം ജോലിയാണ്. യോഗങ്ങൾ നടക്കുന്ന ഹാളുകളിലേക്ക് ആവശ്യാനുസരണം എത്തും. 250–350 രൂപയ്ക്ക് ദിവസ വാടകയ്ക്കു കിട്ടിയിരുന്ന ഫാനുകൾക്ക് ഇപ്പോൾ പകരക്കാരന്റെ റോൾ മാത്രം.