അപകടം തുടർക്കഥ; മാട്ടുതാവളത്ത് റോഡിൽ മെറ്റൽ കെണി ഭീഷണി
Mail This Article
ഉപ്പുതറ ∙ സംസ്ഥാന പാതയോരത്ത് ഇറക്കിയിട്ടിരിക്കുന്ന മെറ്റൽ റോഡിലേക്കു നിരന്നതോടെ അപകടങ്ങൾ തുടർക്കഥ. കൊച്ചി-തേക്കടി സംസ്ഥാന പാതയുടെ ഭാഗമായി വാഗൺ-ഉപ്പുതറ റൂട്ടിൽ മാട്ടുതാവളം പള്ളിക്കു സമീപമാണു മെറ്റൽ കൂന യാത്രക്കാർക്കു ഭീഷണിയാകുന്നത്. പഞ്ചായത്തിന്റെ പരിധിയിലുള്ള ഒരു റോഡ് നന്നാക്കാനായാണു സംസ്ഥാന പാതയോരത്തു മെറ്റൽ ഇറക്കിയിട്ടത്.
വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ കടന്നുപോകുന്ന പാതയോരത്തു നിന്ന് മെറ്റൽ റോഡിലേക്കു നിരന്നതോടെയാണ് അപകടങ്ങൾ സംഭവിക്കാൻ തുടങ്ങിയത്. റോഡിന്റെ പകുതിയിലധികം ഭാഗത്തും മെറ്റൽ നിരന്നു കഴിഞ്ഞു. ഇതിൽ കയറുമ്പോൾ ഇരുചക്ര വാഹനങ്ങൾ തെന്നി മറിഞ്ഞ് അപകടം സംഭവിക്കുന്നതു പതിവാണ്. സമീപത്തെ വളവ് തിരിഞ്ഞെത്തുന്ന ഭാഗത്താണു മെറ്റൽ എന്നതും ഭീഷണി വർധിപ്പിക്കുന്നു. റോഡിൽ നിന്ന് മെറ്റൽ നീക്കി അപകടാവസ്ഥ ഒഴിവാക്കാൻ അടിയന്തര നടപടിവേണമെന്നാണു നാട്ടുകാരുടെ ആവശ്യം.