ജോയ്സിനെതിരെ വക്കീൽ നോട്ടിസ് അയച്ച് ഡീൻ കുര്യാക്കോസ്
Mail This Article
തൊടുപുഴ ∙ പൗരത്വ ഭേദഗതി നിയമത്തെ എതിർത്തു വോട്ട് ചെയ്തില്ല എന്നാരോപിച്ചു സമൂഹ മാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തു പ്രചരിപ്പിച്ച എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിനെതിരെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് വക്കീൽ നോട്ടിസ് അയച്ചു. പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഡീൻ കുര്യാക്കോസ് അതിനെ എതിർത്തില്ലെന്നും എതിർത്തു വോട്ട് ചെയ്തില്ലെന്നുമാണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ജോയ്സ് ജോർജ് പറഞ്ഞത്.
എന്നാൽ നിയമം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ താൻ അതിനെ എതിർത്തു വോട്ട് ചെയ്തുവെന്നു ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. പ്രസ്തുത ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ചട്ടലംഘനം ആണെന്നും പാർലമെന്റിൽ എതിർത്ത് വോട്ട് ചെയ്തത് തത്സമയം എല്ലാവരും കണ്ടതാണെന്നും ഡീൻ പറഞ്ഞു. ആരോപണം പിൻവലിച്ചു 15 ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണു നോട്ടിസ് അയച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനും ഡീൻ കുര്യാക്കോസ് പരാതി നൽകി.