ഒട്ടകത്തലമേട്ടിൽ കരടി ഇറങ്ങി
Mail This Article
കുമളി ∙ കാട്ടുപോത്തിന് പിന്നാലെ കുമളി പഞ്ചായത്തിലെ ജനവാസ മേഖലയിൽ പട്ടാപ്പകൽ കരടിയും ഇറങ്ങി. ഒട്ടകത്തലമേട് മാൻമുക്ക് ഭാഗത്താണ് കരടി ഇറങ്ങിയത്. ഇന്നലെ രാവിലെ 8 മണിയോടെ കാണക്കാലിൽ അനൂപിന്റെ വീടിനു സമീപത്താണ് കരടിയെ കണ്ടത്. അനൂപിന്റെ ഭാര്യ കിണറ്റിൽ നിന്നു വെള്ളം കോരുന്നതിനിടെ കരടി വീടിന് സമീപമെത്തി. കരടിയെ കണ്ട ഇവർ നിലവിളിച്ച് വീടിനുള്ളിലേക്ക് ഓടിക്കയറി. വീട്ടുകാർ ഉച്ചത്തിൽ ബഹളംവെച്ചതോടെ കരടി സമീപത്തെ വഴിയിലൂടെ കാടുള്ള ഭാഗത്തേക്ക് ഓടി മറയുകയായിരുന്നു.
കരടി ഓടി മറയുന്നത് നാട്ടുകാരിൽ മറ്റു ചിലരും കണ്ടിരുന്നു. ഇവർ വിവരം അറിയിച്ചതോടെ ചെല്ലാർകോവിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വിജയകുമാർ, അനിൽ കുമാർ, ബിഎഫ്ഒ മഞ്ചേഷ്, ഷൈജുമോൻ, കാർത്തിക് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് തെരച്ചിൽ നടത്തി കരടിയുടെ സാന്നിധ്യം ഉറപ്പിച്ചു. തുടർന്ന് രണ്ടിടങ്ങളിലായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്