കൃഷി: ചൂട്, ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കം, തേയില– ഏലത്തോട്ടങ്ങൾ പ്രതിസന്ധിയിൽ
Mail This Article
പീരുമേട് ∙ കടുത്ത ചൂടും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനു ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശത്തേക്കു മടങ്ങിയതും വൻകിട– ചെറുകിട തേയില, ഏലത്തോട്ടങ്ങളിലെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നു. കൊടും വേനലിൽ ഉൽപാദനം ഗണ്യമായി കുറഞ്ഞതോടെ തോട്ടങ്ങൾ കൂടുതൽ നഷ്ടത്തിലായി കഴിഞ്ഞു.
ഇതിനു പുറമേ നൂറുകണക്കിനു ഇതര സംസ്ഥാന തൊഴിലാളികൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ സ്ഥലം വിട്ടുപോയതും വ്യവസായത്തിനു വലിയ തിരിച്ചടി സമ്മാനിച്ചു.
∙ തേയിലച്ചെടികൾകരിഞ്ഞു തുടങ്ങി
ചൂട് 37 ഡിഗ്രി സെൽഷ്യസിൽ എത്തുകയും വേനൽമഴ ലഭിക്കാതെ വരികയും ചെയ്തതോടെ പച്ചക്കൊളുന്ത് ഉൽപാദനം വൻ തോതിൽ കുറഞ്ഞു. ഏലച്ചെടികൾ ഉണങ്ങി നശിച്ചു തുടങ്ങി. ഡിസംബറിനു ശേഷം മഴ ലഭിക്കാത്തതാണ് തോട്ടങ്ങളുടെ നടത്തിപ്പ് വെല്ലുവിളിയായി മാറ്റിയത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസം 9 ശതമാനം മഴ തോട്ടം മേഖലയിൽ ലഭിച്ചിരുന്നു എന്നാണ് എസ്റ്റേറ്റുകളിലെ കണക്കുകളിൽ പറയുന്നത്.
എന്നാൽ ഇത്തവണ ഓരോ ദിവസം കഴിയും തോറും ചൂട് കൂടി വരുന്നതാണു സാഹചര്യം. 7000 കിലോഗ്രാം പച്ചക്കൊളുന്ത് കിട്ടിയിരുന്ന തോട്ടങ്ങളിൽ ഇതു 2500 കിലോഗ്രാമിൽ താഴെയായി കുറഞ്ഞു. ഏലച്ചെടികൾ വ്യാപകമായി ഉണങ്ങി പോയി.ചെടികൾ നനയ്ക്കുന്നതിനു വെളളമില്ല. ഇവിടെയും ഉൽപാദനം നിലച്ചു. കുളങ്ങൾ എല്ലാം വറ്റി വരണ്ടു.
തൊഴിലാളികളില്ല
ഇതര സംസ്ഥാന തൊഴിലാളികൾ ഒന്നടങ്കം വോട്ടു ചെയ്യാൻ പോയതിനെ തുടർന്നു തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ജോലികൾ മുടങ്ങി. തേയില തോട്ടങ്ങളിൽ ജോലി ചെയ്തിരുന്നവരിൽ കൂടുതൽ അസം തൊഴിലാളികൾ ആയിരുന്നു. എസ്റ്റേറ്റുകളിൽ പണിയെടുത്തു പരിചയമുളള ഇവർ കൊളുന്തെടുപ്പ് ഉൾപ്പെടെയുളള മുഴുവൻ ജോലികളും ചെയ്തിരുന്നു. ജാർഖണ്ഡ് സ്വദേശികൾ മടങ്ങിയതാണ് ഏലത്തോട്ടങ്ങളെ ബുദ്ധിമുട്ടിച്ചിരിക്കുന്നത്. തോട്ടങ്ങളെ മാത്രമല്ല ഇടത്തരം കർഷകരെയും ഇതര സംസ്ഥാന തൊഴിലാളികളുടെ അഭാവം കാര്യമായി ബാധിച്ചു കഴിഞ്ഞു.