ഗ്രേറ്റ് ഇന്ത്യൻ സർക്കസ് കട്ടപ്പന ഇടുക്കിക്കവല; മധ്യവേനലവധി ആഘോഷമാക്കാൻ ഇടുക്കി
Mail This Article
വീട്ടിലെ ആഘോഷമൊക്കെ കഴിഞ്ഞ് ഒന്നു പുറത്തു പോയാലോ?. വെറുതേ സ്ഥലങ്ങൾ മാത്രം കണ്ടു മടങ്ങണ്ട. കാണാൻ മേളകളും സർക്കസും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ ജില്ലയിൽ പലയിടങ്ങളിലും നടക്കുന്നു. അത്തരം ചില കാഴ്ചകളിലൂടെ...
∙ മൂന്നാറിൽ റോസ് ഫെസ്റ്റ്
മധ്യവേനലവധിക്കാലത്ത് മൂന്നാർ സന്ദർശിക്കുന്നവർക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) റോസ് ഫെസ്റ്റ് നടത്തുന്നുണ്ട്. ദേവികുളം റോഡിലെ ഗവ.ബോട്ടാണിക്കൽ ഗാർഡനിലാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന റോസ് ഫെസ്റ്റ് നടന്നുവരുന്നത്. 200 തരത്തിലുള്ള 5000 റോസ് ചെടികളും പൂക്കളുമാണ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. പുണെ, ബെംഗളൂരു, ഹോളണ്ട് (ഡച്ച് റോസ്) എന്നിവിടങ്ങളിൽ നിന്നാണ് റോസ് ചെടികൾ എത്തിച്ചിരിക്കുന്നത്. നിലവിൽ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത 125 തരത്തിലുള്ള 2000 റോസ് ചെടികളും പൂക്കളും ബോട്ടാണിക്കൽ ഗാർഡനിലുണ്ട്. ഇവ കൂടാതെയാണു 200 തരത്തിലുള്ളവ കൂടി എത്തിച്ചിരിക്കുന്നത്. രാവിലെ 9 മുതൽ രാത്രി 9 വരെയാണു സന്ദർശന സമയം. മുതിർന്നവർക്കു 60, കുട്ടികൾക്കു 30 രൂപ എന്നക്രമത്തിലാണു പ്രവേശന നിരക്ക്. റോസ് ഫെസ്റ്റിനെത്തുന്നവർക്കു ബോട്ടാണിക്കൽ ഗാർഡനിലെ മറ്റു സൗകര്യങ്ങളും ആസ്വദിക്കാൻ കഴിയും. ഫെസ്റ്റ് ആരംഭിച്ച വെള്ളിയാഴ്ച 3217 പേർ റോസ് ഫെസ്റ്റ് സന്ദർശിച്ചു.
∙ തേക്കടി പുഷ്പമേള
വർണക്കാഴ്ചകളുടെ വിസ്മയമായ തേക്കടി പുഷ്പമേളയിൽ തിരക്കേറി. വിഷുദിനത്തിൽ പുഷ്പമേള നഗറിൽ രാവിലെ 8ന് വിഷുക്കണിയോടെയാണ് പ്രവേശനം. കുമളി-തേക്കടി റോഡിൽ കല്ലറയ്ക്കൽ ഗ്രൗണ്ടിലാണ് പ്രദർശനം. ഇരുനൂറിലധികം ഇനങ്ങളിലായി ഒരു ലക്ഷത്തിലധികം പൂച്ചെടികളാണ് മേളയിലുള്ളത്. ദിവസവും വൈകിട്ട് കലാപരിപാടികളുമുണ്ട്. 60 രൂപയാണു പ്രവേശന ഫീസ്. രാത്രി 10 വരെയാണു പ്രദർശനം. മേയ് 12ന് സമാപിക്കും.
∙ കട്ടപ്പന ഫെസ്റ്റ്
കട്ടപ്പന നഗരസഭയും കട്ടപ്പന മർച്ചന്റ്സ് അസോസിയേഷനും മർച്ചന്റ് യൂത്ത് വിങ്ങും ടി.നസറുദീൻ ആൻഡ് മാരിയിൽ കൃഷ്ണൻ നായർ കിഡ്നി കെയർ ചാരിറ്റബിൾ സൊസൈറ്റിയും ചേർന്നാണു നഗരസഭാ ഓഫിസിനു സമീപത്തെ മൈതാനിയിൽ രണ്ടാമത് കട്ടപ്പന ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഫ്ലവർഷോ, സ്നോ പാർക്ക്, അക്വാ പെറ്റ്ഷോ, ഫുഡ് ഫെസ്റ്റ്, വിവിധ കമ്പനികളുടെ കാറുകളുടെയും ബൈക്കുകളുടെയും പ്രദർശനം, എജ്യുക്കേഷൻ എക്‌സ്‌പോ, നൂറിലധികം സ്റ്റാളുകൾ, കാർഷിക-വ്യാവസായിക പ്രദർശനം തുടങ്ങിയവയെല്ലാം ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ കുതിര സവാരിയും ഉണ്ട്. എല്ലാ ദിവസവും രാത്രി 7.30നു പ്രമുഖരെ പങ്കെടുപ്പിച്ചുള്ള സ്‌റ്റേജ്ഷോകളും സംഘടിപ്പിക്കുന്നുണ്ട്. ഇന്ന് ഓടക്കുഴൽ കലാകാരൻ രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ സന്ധ്യയും നാളെ കൃഷ്ണപ്രഭയും താണ്ഡവ് ഡാൻസ് സ്‌കൂളും ചേർന്ന് അവതരിപ്പിക്കുന്ന ഡാൻസ് ആൻഡ് മ്യൂസിക്കൽ നൈറ്റ് എന്നിവയും നടക്കും. ശനിയും ഞായറും രാവിലെ 11 മുതൽ രാത്രി 10 വരെയും മറ്റു ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 10 വരെയുമാണു ഫെസ്റ്റിൽ പ്രവേശനം. 100 രൂപയാണു പ്രവേശന പാസ് നിരക്ക്.
∙ ഗ്രേറ്റ് ഇന്ത്യൻ സർക്കസ് കട്ടപ്പന ഇടുക്കിക്കവല
ബൈപാസ് റോഡിൽ ഓസാനം സ്‌കൂളിനു സമീപം ഭവന നിർമാണ ബോർഡിന്റെ സ്ഥലത്തു നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ സർക്കസ് കാഴ്ചക്കാർക്ക് നവ്യാനുഭവം സമ്മാനിക്കുന്നു. വർഷങ്ങൾക്കുശേഷമാണ് കട്ടപ്പനയിൽ സർക്കസ് എത്തിയിരിക്കുന്നത്. 16 കലാകാരൻമാർ ചേർന്ന് അവതരിപ്പിക്കുന്ന ഫ്ലൈയിങ് ട്രപ്പീസ്, വനിതാ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ അഭ്യാസ പ്രകടനങ്ങൾ, കത്തികൾക്കു മുകളിൽ കിടന്നുകൊണ്ടുള്ള നൈഫ് ബാലൻസിങ്, മരണക്കിണർ, ഫയർ ഡാൻസ്, സ്‌കൈവാക്, സ്പ്രിങ് നെറ്റ്, ഗ്ലോബൽ റൈഡിങ് തുടങ്ങിയവയെല്ലാമാണ് സർക്കസിൽ അരങ്ങേറുന്നത്. കുതിര, ഒട്ടകം, നായ എന്നിവയെ അണിനിരത്തിയുള്ള ഇനങ്ങളുമുണ്ട്. മണിപ്പുർ, നേപ്പാൾ, അസം, ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണു കലാകാരൻമാർ. ഉച്ചയ്ക്ക് ഒന്നിനും നാലിനും ഏഴിനുമാണു പ്രദർശനം. 100, 200, 300 എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക്. 700 സീറ്റുകളാണു ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ 6364146255, 9544456379 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. സർക്കസ് 21ന് സമാപിക്കും.