ചൂടിൽ ആശ്വാസമായി വഴിനീളെ ‘ഇളനീർപ്പന്തലുകൾ’
Mail This Article
ചെറുതോണി ∙ വേനൽ കനത്തതോടെ ഹൈറേഞ്ചിലെ വഴിയോരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇളനീർ വിൽപന തകൃതി. താൽക്കാലികമായി കെട്ടിയുയർത്തിയ ഓലപ്പന്തലുകളിലാണ് ‘തനി നാടൻ കരിക്കുകൾ’ എന്ന ലേബലിൽ കച്ചവടം പൊടിപൊടിക്കുന്നത്. വഴിയരികത്തു വർണക്കുടയുയർത്തി കരിമ്പിൻ ജൂസ് വിൽക്കുന്നവർക്കും ഇത് ഉത്സവകാലമാണ്. ഇടുക്കിയിൽ ഇപ്പോഴത്തെ കൂടിയ താപനില 37 ഡിഗ്രിയാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് താപനിലയിൽ കുറവുണ്ടെങ്കിലും ചൂട് അസഹനീയമാണെന്നാണു യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതി.
കരിക്ക് ഒന്നിനു 40–50 രൂപയും കരിമ്പിൻ ജൂസിനു 30 രൂപയുമാണ് ഈടാക്കുന്നത്.ഇടുക്കി - ചെറുതോണി അണക്കെട്ടുകളിൽ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ദിവസം ഇരുനൂറ്റിയൻപതിലേറെ കരിക്ക് വിൽക്കുന്നുണ്ടെന്നു ചെറുതോണിയിലെ ഇളനീർ വിൽപനക്കാരിയായ സുലൈഖ പറയുന്നു. ഇളനീർ വിൽപന വർധിച്ചതോടെ മേഖലയിലെ കേര കർഷകർക്കിടയിലും പുത്തൻ ഉണർവുണ്ടായിട്ടുണ്ട്.